കേരളം

kerala

ETV Bharat / bharat

'ഇത് 2024 ലേക്കുള്ള വിജയത്തിന്‍റെ ചവിട്ട് പടി, രാഹുൽ തന്നെ അടുത്ത പ്രധാനമന്ത്രി'; പ്രതികരണവുമായി സിദ്ധരാമയ്യ - ബിജെപി

കർണാടകയിലെ വിജയം മോദിക്കും, അമിത് ഷായ്‌ക്കും എതിരായുള്ള ജനവിധിയാണെന്നും സിദ്ധരാമയ്യ

Siddaramaiah  സിദ്ധരാമയ്യ  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  Karnataka Assembly election 2023  Assembly election results 2023  Karnataka win stepping stone for 2024 victory  രാഹുൽ ഗാന്ധി  Rahul Gandhi  നരേന്ദ്ര മോദി  സിദ്ധരാമയ്യയുടെ പ്രതികരണം  ബിജെപി  BJP
സിദ്ധരാമയ്യ

By

Published : May 13, 2023, 6:29 PM IST

മൈസൂരു (കർണാടക):കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കുമെന്നും രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കോണ്‍ഗ്രസിന്‍റെ തകർപ്പൻ ജയത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്കെതിരെയുമുള്ള ജനവിധിയാണെന്നും സിദ്ധരാമയ്യ വ്യക്‌തമാക്കി. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമായിരുന്നു. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ട് പടിയാണ്.

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാകുമെന്നാണ് എന്‍റെ പ്രതീക്ഷ. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കായി ബിജെപി ഇതര പാർട്ടികൾ ദേശീയ തലത്തിൽ ഒന്നിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ഇപ്പോൾ കർണാടകയിൽ നേടിയ വിജയം 100 ശതമാനം നരേന്ദ്ര മോദിക്കും, അമിത് ഷായ്‌ക്കും, ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്‌ക്കും എതിരായുള്ള ജനവിധി തന്നെയാണ്, സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

കൂടാതെ വിജയത്തിൽ കർണാടകയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തെ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തെ വോട്ടർമാർ നിരസിച്ചിരിക്കുന്നു. കർണാടകയിലെ ജനങ്ങൾ രാഷ്‌ട്രീയമായി പക്വതയുള്ളവരാണ്. ഏത് പാർട്ടിക്കാണ് സംസ്ഥാനത്തെ രക്ഷിക്കാൻ സാധിക്കുകയെന്ന് ജനങ്ങൾക്ക് അറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തെ മതേതര ഘടനയ്‌ക്ക് ബിജെപിയുടെ ഭീഷണിയുണ്ടായിരുന്നു. കർണാടകയിലെ ജനങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത വിദ്വേഷവും വർഗീയ രാഷ്ട്രീയവുമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ പണത്തിന്‍റെ ബലത്തിൽ വിജയിക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ പണത്തിന്‍റെ ബലത്തിൽ ജയിക്കാനാകില്ലെന്ന് അവർക്ക് ഇപ്പോൾ മനസിലായി.

യഥാർഥത്തിൽ കർണാടകയിലെ ജനങ്ങൾ ബിജെപി സർക്കാരിനെ മടുത്തിരുന്നു. മടുപ്പിനപ്പുറം ശക്തമായ ഭരണ വിരുദ്ധത കൂടി ഉള്ളതിനാലാണ് സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുണ മണ്ഡലത്തിൽ ബിജെപിയുടെ വി സോമണ്ണയ്‌ക്കെതിരെയാണ് സിദ്ധരാമയ്യ വിജയക്കൊടി പാറിച്ചത്.

ആരാകും മുഖ്യമന്ത്രി: അതേസമയം കേവല ഭൂരിക്ഷം കടന്നുള്ള വിജയത്തിനിടയിലും മുഖ്യമന്ത്രി കസേരയിലേക്ക് ആരെത്തും എന്ന ചോദ്യം കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയോ, അതോ കർണാടകയിൽ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ച ഡി കെ ശിവകുമാറോ, ആരാകും അധികാരക്കസേരയിൽ എത്തുക എന്ന സംശയത്തിന്‍റെ ഉത്തരം ഇപ്പോഴും സസ്‌പെൻസായി നിലനിൽക്കുകയാണ്.

2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യക്ക് തന്നെയാണ് മുഖ്യമന്ത്രി കസേരയിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത്. കർണാടകയിലെ ജനകീയ മുഖം എന്നതാണ് സിദ്ധരാമയ്യയെ ശിവകുമാറിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്. മാത്രമല്ല ഇത് തന്‍റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞ് ജനവിധി തേടിയിറങ്ങിയതിനാൽ തന്നെ സിദ്ധരാമയ്യയെ പരിഗണിക്കാതിരിക്കാനും കോണ്‍ഗ്രസിനാകില്ല.

ഇതിനിടെ തന്‍റെ അച്ഛൻ കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യയുടെ മകനും മുൻ എംഎല്‍എയുമായ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് പറഞ്ഞിരുന്നു. തന്‍റെ അച്ഛൻ മുഖ്യമന്ത്രിയാകണമെന്നതാണ് കർണാടകയുടെ ആഗ്രഹമെന്നും കാരണം അദ്ദേഹത്തിന്‍റെ ഭരണം മികച്ചതായിരുന്നുവെന്നും വീണ്ടും അദ്ദേഹം തന്നെ ഭരണത്തിൽ വന്നാൽ ബിജെപിയുടെ അഴിമതിയും ദുർഭരണവും ഇല്ലാതാക്കാൻ സാധിക്കുമെന്നുമായിരുന്നു യതീന്ദ്ര പറഞ്ഞത്.

ABOUT THE AUTHOR

...view details