ബെംഗളൂരു: ചൈനയിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ.സുധാകര്‍. മുന്‍കരുതലിന്‍റെ ഭാഗമായി ബെംഗളൂരു കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരെ സ്‌ക്രീനിങ് നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്. എന്നാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ എന്നുമുതലാണ് പരിശോധന ആരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ആഗോള തലത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾക്ക് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തിൽ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം ഉയർന്ന തോതിലാണെന്നും അതിനാല്‍ യാത്രക്കാരെ പരിശോധിക്കുന്ന നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ചൈനയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലായി കണ്ട് വാക്‌സിൻ എടുക്കേണ്ടതിന്‍റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. കൊവിഡിനെതിരെയുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനം സുസജ്ജം:ചൈന, ജപ്പാന്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് കൊവിഡിന്‍റെ പെട്ടെന്നുള്ള കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ കൂടുതൽ പേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത് ചൈനയിലുമാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്നുവരുന്ന കൊവിഡ് വകഭേദങ്ങളെ കണ്ടെത്താനായി ജീനോം സീക്വൻസിങിനായി പോസിറ്റീവ് സാമ്പിളുകള്‍ അയയ്ക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ കൊവിഡ് മുന്‍കരുതല്‍ ഡോസ് (ബൂസ്‌റ്റര്‍) വാക്‌സിനേഷന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.
'ബൂസ്‌റ്റര്‍' മുഖ്യം: തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. കൊവിഡിനെതിരെയുള്ള രണ്ട് ഡോസ് വാക്‌സിനേഷന്‍ സംസ്ഥാനം നൂറ് ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എന്നാല്‍ പലരും ഇതുവരെ ബൂസ്‌റ്റര്‍ ഡോസ് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ സ്വമേധയാ മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം ഏത് സാഹചര്യവും നേരിടാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.