മംഗളൂരു:പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തം ശിക്ഷ. മംഗളൂരു അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (എഫ്‌ടിഎസ്‌സി - 1) ജഡ്‌ജി മഞ്ജുള ഇട്ടിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുളായി സ്വദേശി പൃഥ്വിരാജിനെതിരെയാണ് (33) ശിക്ഷ വിധിച്ചത്.
2014 ഓഗസ്റ്റ് ഒന്ന് മുതൽ 2016 സെപ്റ്റംബർ രണ്ട് വരെയാണ് ഹൈസ്‌കൂൾ വിദ്യാർഥിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സൂറത്ത്‌കല്‍ പൊലീസ് സ്റ്റേഷനിലാണ്, പൃഥ്വിരാജിനെതിരായ കേസ് രജിസ്റ്റർ ചെയ്‌തത്. അധ്യാപകന്‍ വിദ്യാർഥിയെ ഭീഷണപ്പെടുത്തി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ പരീക്ഷയില്‍ മാർക്ക് കുറയ്‌ക്കുമെന്നും ഹാജര്‍നില വെട്ടിക്കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കേറ്റതിനെ തുടർന്ന് ഡോക്‌ടര്‍ പരിശോധിച്ച് ചികിത്സിക്കുന്നതിനിടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് കുട്ടി ഡോക്‌ടറോടും വീട്ടുകാരോടും തുറന്നുപറയുകയായിരുന്നു. സൂറത്ത്‌കല്‍ പൊലീസ് ഇൻസ്‌പെക്‌ടര്‍ ബി ചെലുവരാജ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
'സർക്കാർ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം':പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക കഠിനതടവ്, പോക്സോ സെക്ഷൻ 10 പ്രകാരം അഞ്ച് വർഷം തടവ്, അയ്യായിരം രൂപ പിഴ. ഇത് അടക്കാത്തപക്ഷം മൂന്ന് മാസം തടവും, ഐപിസി സെക്ഷൻ 377 പ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ പിഴയും അടയ്‌ക്കണം.