ബെംഗളൂരു: പൊലീസ് നടപടികള്‍ പക്ഷപാതപരമാണെന്ന് സെക്സ് വീഡിയോ കേസിലെ പരാതിക്കാരി. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക വീഡിയോ കേസിലെ പരാതിക്കാരിയുടേതാണ് വെളിപ്പെടുത്തല്‍. പൊലീസ് തന്നെ പലതവണ ചോദ്യം ചെയ്തു.എന്നാല്‍ പ്രതി രമേശ് ജാർക്കിഹോളിയെ വെറും മൂന്ന് മണിക്കൂർ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും പരാതിക്കാരി ബെംഗളൂരു പൊലീസ് കമ്മിഷണർ കമൽ പന്തിന് അയച്ച കത്തിൽ വ്യക്തമാക്കി.
പൊലീസിന്‍റെ അന്വേഷണപ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍, താൻ ഇരയാണോ പ്രതിയാണോ എന്ന് തനിക്ക് തന്നെ സംശയമുണ്ടായെന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിൽ പരാമര്‍ശിക്കുന്നു. മൂന്ന് മണിക്കൂറോളം മാത്രമാണ് എസ്‌ഐടി രമേശ് ജാർക്കിഹോളിയെ ചോദ്യം ചെയ്തത്. യാതൊരു നിയന്ത്രണവുമില്ലാതെ അദ്ദേഹത്തെ യാത്രകൾ ചെയ്യാൻ അനുവദിച്ചുവെന്നും അതേസമയം ഒരു ഇടവേളകളും കൂടാതെ തന്നെ നിരന്തരമായ ചോദ്യം ചെയ്യലിന് വിധേയയാക്കിയെന്നും പരാതിയിലുണ്ട്.