ബെംഗളൂരു:കര്‍ണാടകയില്‍ ബെംഗളൂരുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്‌ക്ക് ബോംബ് ഭീഷണി (Karnataka Raj Bhavan Receives Bomb Threat Call From Unknown Number). കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഐഎയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഫോണ്‍ കോളിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ (ഡിസംബര്‍ 11) രാത്രയിലാണ് എന്‍ഐഎ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ ലഭിക്കുന്നത്. രാജ്‌ഭവന്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടായിരുന്നു വിളിച്ച വ്യക്തി എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നാലെ തന്നെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ വിവരം ബെംഗളൂരു പൊലീസിന് കൈമാറി.
ഉടൻ തന്നെ ബെംഗളൂരു സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ള സംഘം ഗവര്‍ണറുടെ വസതിയായ രാജ്‌ഭവനില്‍ എത്തി പരിശോധന നടത്തി. വിശദമായി നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് ഫോണ്‍ കോളിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ, ഈ മാസം ആദ്യം ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇ മെയില്‍ സന്ദേശം വഴിയാണ് നഗരത്തിലെ സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീഷണികളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.