ചാമരാജനഗര്‍:സ്വന്തമായി നിര്‍മിച്ച കുഴിമാടത്തില്‍ വയോധികന് അന്ത്യവിശ്രമം ഒരുക്കി ബന്ധുക്കള്‍. ഇന്നലെ (25.07.2022) മരിച്ച കര്‍ണാടക ചാമരാജനഗര്‍ നഞ്ചദേവനപുര സ്വദേശി പുട്ടനഞ്ചപ്പയുടെ (85) മൃതദേഹമാണ് അദ്ദേഹം സ്വന്തമായി നിര്‍മിച്ച കല്ലറയില്‍ ബന്ധുക്കള്‍ മറവ് ചെയ്‌തത്. മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിക്കാനുള്ള പണവും അദ്ദേഹം തന്നെ സൂക്ഷിച്ച് വച്ചിരുന്നു.
സ്വന്തമായി നിര്‍മ്മിച്ച ശവകല്ലറയില്‍ വയോധികന് അന്ത്യവിശ്രമം 20 വര്‍ഷം മുന്‍പാണ് പുട്ടനഞ്ചപ്പ തനിക്ക് സ്വന്തമായി കുഴിമാടം നിര്‍മിച്ചത്. സ്വന്തം ഭൂമിയിലായിരുന്നു ശവകൂടീരത്തിന്‍റെ നിര്‍മാണം. കൂടാതെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള തുകയും അദ്ദേഹം മാറ്റിവച്ചു.
സാമാന്യം സമ്പന്നനായ പുട്ടനഞ്ചപ്പയ്‌ക്ക് മൂന്ന് ആണ്‍മക്കളാണ്. സ്വന്തം പണം കൊണ്ട് തന്‍റെ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന ആത്മാഭിമാനം കൊണ്ടാണ് ഇയാൾ കല്ലറ നിർമിച്ച് പണം സ്വരൂപിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ അന്ത്യകര്‍മ്മങ്ങളും പുട്ടനഞ്ചപ്പ മറ്റുള്ളവരുടെ സഹായം സ്വീകരിക്കാതെയാണ് നടത്തിയത്.
രണ്ടാഴ്‌ചയോളം ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ഞായറാഴ്‌ച (24.07.2022) ആണ് അദ്ദേഹം മരിച്ചതെന്ന് മകന്‍ ഗൗഡികെ നാഗേഷ് പറഞ്ഞു. തുടര്‍ന്ന് അടുത്ത ദിവസമാണ് അദ്ദേഹം പണികഴിപ്പിച്ച ശവകുടീരത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.