ചുടലത്തീയുടെ ചൂടിൽ ജീവിത വെളിച്ചം തേടി ലക്ഷ്‌മമ്മ ദൊഡ്ഡബല്ലാപുര (ബാംഗ്ലൂർ റൂറൽ) :ശ്‌മശാനമെന്നത് പൊതുവെ അടുക്കാന്‍ മടി തോന്നുന്ന പേടിപ്പെടുത്തുന്ന ഇടമാണ് കൂടുതല്‍ പേര്‍ക്കും. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ശ്‌മശാന സന്ദര്‍ശനങ്ങള്‍ ആളുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാൽ ഒറ്റയ്‌ക്ക് ശ്‌മശാനത്തിൽ താമസിച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നൊരു സ്‌ത്രീയുണ്ട്, അങ്ങ് കർണാടകയിൽ.
ദൊഡ്ഡബല്ലാപുര നഗരത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ദേവാംഗ ബോർഡിന്‍റെ കീഴിലുള്ള ശ്‌മശാനത്തിന്‍റെ നടത്തിപ്പുകാരിയായ ലക്ഷ്‌മമ്മ എന്ന 60 വയസുകാരിയാണ് ഉള്‍ക്കരുത്തോടെ തന്‍റെ ജോലിയിൽ മുഴുകുന്നത്. ഒന്നും രണ്ടുമല്ല അയ്യായിരത്തിലേറെ മൃതദേഹങ്ങളാണ് ലക്ഷ്‌മമ്മ ഇതിനകം ദഹിപ്പിച്ചിട്ടുള്ളത്. ഭർത്താവിനൊപ്പമായിരുന്നു ആദ്യ കാലത്ത് ലക്ഷ്‌മമ്മ മൃതദേഹങ്ങള്‍ സംസ്‌കരിച്ചുകൊണ്ടിരുന്നത്. എന്നാൽ ഭർത്താവ് മരിച്ചതോടെ ആ ജോലി അവർ ഒറ്റയ്‌ക്ക് ഏറ്റെടുക്കുകയായിരുന്നു.
നഗരത്തിലെ ദേവാംഗ ബോർഡിന്‍റെ ശ്രമങ്ങളുടെ ഫലമായി 2001ലാണ് ഒരു പൊതുശ്‌മശാനം സ്ഥാപിച്ചത്. അന്ന് മുതൽ ലക്ഷ്‌മമ്മ ഭർത്താവ് ഉമാശങ്കറിനൊപ്പം ഇവിടെ സംസ്‌കാരം നടത്തിവരികയാണ്. എന്നാൽ ഏഴ് വർഷം മുൻപ് ഭർത്താവ് ഉമാശങ്കർ മരണപ്പെട്ടു. ഇതോടെ ഒറ്റയ്ക്കായെങ്കിലും ലക്ഷ്‌മമ്മ തന്‍റെ തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറായില്ല.
ചെറിയ പണിയല്ല: ശ്‌മശാനത്തിൽ ദിവസവും രണ്ട് മൃതദേഹങ്ങളെങ്കിലും ദഹിപ്പിക്കാറുണ്ടെന്നാണ് ലക്ഷ്‌മമ്മ പറയുന്നത്. മൃതദേഹം കൊണ്ടുവന്ന് ദഹിപ്പിക്കുന്നു എന്ന് കേൾക്കുമ്പോൾ വലിയ പണിയില്ല എന്നാകും കേൾക്കുന്നവർ വിചാരിക്കുക. എന്നാൽ മൃതദേഹം എത്തിക്കുന്നതിന് മുൻപ് തടികൾ അടുക്കുന്നത് മുതൽ ചടങ്ങുകൾക്കാവശ്യമായ അസ്ഥി എടുക്കുന്നതുവരെയുള്ള പണി ലക്ഷ്‌മമ്മ തന്നെയാണ് ചെയ്യുന്നത്.
മൃതദേഹം എത്തിക്കുന്നതിന് മുൻപ് തടികൾ സിലിക്കണ്‍ ബോക്‌സിൽ അടുക്കിവയ്‌ക്കണം. മൃതദേഹം എത്തിച്ച ശേഷം അതിനെ അടുക്കിവച്ച തടിയുടെ മുകളിൽവച്ച് അതിനുമേലെ വീണ്ടും തടി അടുക്കണം. ശേഷം ഓരോരുത്തരുടേയും ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം മൃതദേഹം ദഹിപ്പിക്കണം. ഏകദേശം 5 മുതൽ 6 മണിക്കൂർ വരെയെടുക്കും ഒരു മൃതദേഹം പൂർണമായും ദഹിപ്പിക്കാൻ.
ഈ സമയമത്രയും മൃതദേഹത്തിനരികിൽ നിൽക്കണം. ആവശ്യത്തിന് വിറകുകൾവച്ചുനൽകണം. ഇതെല്ലാം ലക്ഷ്‌മമ്മ ഒറ്റയ്‌ക്ക് തന്നെയാണ് ചെയ്യുന്നത്. മൃതദേഹം പൂർണമായും ചാരമാകുന്നത് വരെ ലക്ഷ്‌മമ്മ അവിടെത്തന്നെയുണ്ടാകും. ദേവാംഗ ബോർഡ് നൽകുന്ന 6000 രൂപയും മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയും കൊണ്ടാണ് ലക്ഷ്‌മമ്മ ജീവിതം തള്ളിനീക്കുന്നത്.
പ്രതിസന്ധി സൃഷ്‌ടിച്ച് കൊവിഡ് കാലം : കൊവിഡ് കാലത്തെ മരണങ്ങൾ വലിയ വെല്ലുവിളിയാണ് സൃഷ്‌ടിച്ചെതെന്ന് ലക്ഷ്‌മമ്മ പറയുന്നു. അക്കാലത്ത് അടുത്ത ബന്ധുക്കൾക്ക് പോലും മൃതദേഹത്തിന്‍റെ അടുത്തേക്ക് പോകാനോ അതില്‍ തൊടാനോ ഭയമായിരുന്നു. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും താന്‍ പേടികൂടാതെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്നുവെന്ന് ലക്ഷ്‌മമ്മ പറയുന്നു.
'ആ സമയങ്ങളിൽ ഒരു ദിവസം 7മുതൽ 10 വരെ മൃതദേഹങ്ങൾ ഞാൻ ദഹിപ്പിക്കാറുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണ് ഇവിടുത്തെ ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്. ചില ഘട്ടങ്ങളിൽ ആചാരങ്ങൾ അനുസരിച്ച് ബന്ധുക്കൾ തന്നെ ശവശരീരങ്ങൾ ദഹിപ്പിക്കാറുണ്ട്. ഈ തൊഴിലിൽ എനിക്ക് ഭയമില്ല. ഞാൻ തീര്‍ത്തും സമാധാനത്തിലാണ് കഴിയുന്നത് ' - ലക്ഷ്‌മമ്മ പറഞ്ഞു.
അതേസമയം അപൂർവ സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും ലക്ഷ്‌മമ്മയെ തേടിയെത്തിയിട്ടുണ്ട്. താലൂക്ക് ഭരണകൂടവും ജില്ല ഭരണകൂടവും മറ്റ് വിവിധ സംഘടനകളുമെല്ലാം ലക്ഷ്‌മമ്മയുടെ സേവനം മാനിച്ച് നിരവധി പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്.