ബഗലകോട്ടെ : മാനസിക വെല്ലുവിളി നേരിടുന്ന 58കാരന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 187 നാണയങ്ങൾ. കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ ദ്യാമപ്പ ഹരിജന്‍റെ വയറ്റില്‍ നിന്നും അഞ്ച് രൂപയുടെ 56 ഉം, രണ്ട് രൂപയുടെ 51 ഉം ഒരു രൂപയുടെ 80 ഉം നാണയങ്ങളാണ് നീക്കം ചെയ്‌തത്. ഗ്യാസ്ട്രോസ്റ്റമി (Gastrostomy) എന്ന ശസ്‌ത്രക്രിയയ്‌ക്കാണ് വയോധികനെ വിധേയനാക്കിയത്.
58കാരന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 187 നാണയങ്ങള്‍ ; ആകെ 1.2 കിലോ - കര്‍ണാടകയിലെ വൃദ്ധന്‍റെ വയറ്റില്‍ 187 നാണയങ്ങള്‍
കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ 58 കാരന്‍റെ വയറ്റില്‍ നിന്നുമാണ് 187 നാണയങ്ങൾ പുറത്തെടുത്തത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്
വയറുവേദന രൂക്ഷമായതിനെ തുടര്‍ന്നാണ് ദ്യാമപ്പയെ വീട്ടുകാര്‍ റായ്ച്ചൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന്, അവിടെ നിന്നും ഇയാളെ ബഗലകോട്ടെ ആശുപത്രിയിലേക്ക് മാറ്റി. എക്‌സ്‌റേ എടുത്ത ശേഷം സൂക്ഷ്‌മ പരിശോധനയ്‌ക്ക് എൻഡോസ്കോപ്പി ടെസ്റ്റ് നടത്തിയാണ് ഗ്യാസ്ട്രോസ്റ്റമി ശസ്‌ത്രക്രിയയിലൂടെ ഒന്നര മണിക്കൂറെടുത്ത് നാണയങ്ങള്‍ നീക്കം ചെയ്‌തത്.
പുറത്തെടുത്ത ആകെ നാണയങ്ങള്‍ എകദേശം 1.2 കിലോയാണ്. നാണയങ്ങൾ വയറ്റില്‍ തന്നെ തങ്ങിയിരുന്നതിനാലാണ് വയോധികന് വലിയ അപകടം സംഭവിക്കാതിരുന്നതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ബഗലകോട്ടെ ശ്രീകുമാരേശ്വര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരായ ഡോ. ഈശ്വര കലബുറഗി, ഡോ. പ്രകാശ് കട്ടിമണി തുടങ്ങിയവരാണ് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയത്.