ഗംഗാവതി (കര്‍ണാടക) :കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ വിചിത്ര പ്രാണിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് സുഖം പ്രാപിച്ചുവരുന്നു. കർണാടക ഗംഗാവതി കൊപ്പല്‍ ഗ്രാമവാസിയായ ശങ്കര്‍ ഗൗഡയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാളുടെ ശാരീരിക നില പൂര്‍വസ്ഥിതിയിലേക്ക് എത്തിയത്.
കൃഷിയിടത്തില്‍ ചോള വിളവെടുപ്പ് നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് പ്രാണിയുടെ കടിയേറ്റത്. കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ യുവാവിന്‍റെ ആരോഗ്യനില വഷളാവുകയും ഇതേ തുടര്‍ന്ന് ഗംഗാവതി സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
പ്രാണിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ശങ്കര്‍ ഗൗഡയുടെ ശരീരത്തില്‍ കുമിളകൾ രൂപപ്പെട്ടു. തുടര്‍ന്ന് കണ്ണ് ചുവക്കുകയും ബോധക്ഷയമുണ്ടാവുകയും ചെയ്‌തതായി ബന്ധു സിദ്ധന ഗൗഡ പറഞ്ഞു. പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ചോളത്തോട്ടങ്ങളില്‍ കാണപ്പെടുന്ന 'സ്‌പൈനി ഓക്ക് സ്ലഗ്' എന്ന പുഴുവാകാം ഗൗഡയെ കടിച്ചതെന്ന് കീടശാസ്ത്രജ്ഞനായ രാഘവേന്ദ്ര എലിഗര പറഞ്ഞു.
ഇവയെ സ്‌പര്‍ശിച്ചാല്‍ എരിച്ചിലും ചൊറിച്ചിലും അനുഭവപ്പെടും. എന്നാൽ ഇവയുടേത് മനുഷ്യരിൽ മാരകമായ വിഷമാണ് എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലർജിയുള്ളവര്‍ ഇത്തരം പ്രാണികളെ സ്‌പര്‍ശിക്കുകയോ മറ്റോ ചെയ്‌താല്‍ അവരില്‍ രോഗലക്ഷണങ്ങൾ വഷളാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് ഒരു പോളിമറസ് വിഭാഗത്തില്‍പ്പെട്ട പ്രാണിയാണ്, വിവിധതരം ചെടികളും ഇലകളും ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. 10 മില്ലിമീറ്റർ മുതൽ 25 മില്ലിമീറ്റർ വരെ നീളമുളള ഇവ ജൂൺ-ഒക്ടോബർ മാസങ്ങളിലാണ് കൂടുതല്‍ പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.