രാമ്‌നഗര്‍(കര്‍ണാടക):ആത്മഹത്യ ചെയ്‌ത കാഞ്ചുങ്കൽ ബണ്ടെ മഠാധിപതി ബസവലിംഗ ഹണിട്രാപ്പിന് വിധേയമാക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഹണിട്രാപ്പിന് ശേഷമുള്ള മാനസിക പീഡനവും ഭീഷണിയുമാണ് ബസവലിംഗയുടെ ആത്മഹത്യയ്‌ക്ക് വഴിതെളിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഒക്ടോബര്‍ 24നാണ് ലിംഗായത്ത് സന്യാസിയായ ബസവലിംഗ സ്വാമിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കാണപ്പെട്ടത്. മഠത്തിലെ മുറിയുടെ ജനവാതിലിലാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
ഒരു വ്യക്തി തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ആത്മഹത്യ കുറിപ്പില്‍ ബസവലിംഗ സ്വാമി വ്യക്തമാക്കിയിരുന്നു. ആ വ്യക്തിയില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ആരാണ് ഈ വ്യക്തി എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ആത്മഹത്യ കുറിപ്പില്‍ മറ്റ് ചില വ്യക്തികളുടെ പേരും വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ മരണത്തില്‍ ഈ വ്യക്തികള്‍ക്ക് നേരിട്ട് പങ്കില്ല എന്ന് രാമനഗര എസ്‌പി സന്തോഷ് ബാബു പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സന്യാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് കുഡൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. എന്നാല്‍ ആരുടെയും പേര് എഫ്ഐആറില്‍ ഇല്ല. അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ആരാണ് സ്വാമിയെ ഹണിട്രാപ്പ് ചെയ്‌തത്. എന്തിനാണ് ഇങ്ങനെ ചെയ്‌തത് എന്നതിലൊക്കെ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.