ബെംഗളൂരു :മുതിര്‍ന്ന വനിത ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരസ്യമായ വാക്പോരില്‍ പുലിവാല് പിടിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹിന്ദു മത സ്വത്തവകാശ കമ്മിഷണറായ രോഹിണി സിന്ധൂരി ഐഎഎസും കരകൗശല വികസന കോർപറേഷന് ഐജി ഡി.രൂപ മൗഡ്ഗിലുമായുള്ള വാഗ്വാദത്തില്‍ ഇരുവരുടെയും പെരുമാറ്റം അതിരുകടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങളനുസരിച്ച് നടപടിയുണ്ടാകുമെന്നാണ് വിവരം. അതേസമയം തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഐപിഎസ് ഉദ്യോഗസ്ഥ രൂപ മൗഡ്ഗില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ രോഹിണി സിന്ധൂരി ചീഫ് സെക്രട്ടറി വന്ദിത ശര്‍മക്ക് ഇന്ന് പരാതി നല്കി.
എല്ലാം 'മോഷ്ടിച്ചത്':തനിക്കെതിരെയുള്ള വിദ്വേഷം കൊണ്ടാണ് രൂപ മൗഡ്ഗില്‍ അപകീർത്തികരമായ ആരോപണങ്ങള്‍ നടത്തിയിരിക്കുന്നത്. അവര്‍ (രൂപ മൗഡ്ഗില്‍) സമൂഹമാധ്യമങ്ങളില്‍ നിന്നും എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ നിന്നും സ്ക്രീന്‍ഷോട്ടുകളെടുത്ത് ചിത്രങ്ങള്‍ ശേഖരിച്ചാണ് എന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്. താന്‍ ചില ചിത്രങ്ങള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തെന്നും അവര്‍ ആരോപിച്ചു. ഇതോടെയാണ് ആ പേരുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടതെന്നും രോഹിണി സിന്ധൂരി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച പരാതിയില്‍ അറിയിച്ചു. രൂപ മൗഡ്ഗിലിന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു.
തര്‍ക്കം 'മനോനില'യിലേക്ക്: മനോരോഗം വലിയൊരു പ്രശ്നമാണ്. അത് മരുന്നിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പരിഹരിക്കേണ്ടതുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഇത് ബാധിച്ചാല്‍ അത് കൂടുതല്‍ അപകടകരമാകുമെന്നും രോഹിണി സിന്ധൂരി അറിയിച്ചു. തനിക്കെതിരെ തെറ്റായതും അപകീർത്തികരവുമായ പ്രചാരണങ്ങൾ നടത്തുന്നതിലൂടെ രൂപ ഐപിഎസ് അവരുടെ നിലവാരമെന്തെന്ന് തെളിയിച്ചുവെന്നും രോഹിണി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് പേജുകളിലുള്ള പരാതിയില്‍ രൂപ മൗഡ്ഗിലിന് കാരണം കാണിക്കല്‍ നോട്ടിസയക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'ചിത്രം' വരുത്തിയ വിന: അതേസമയം ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ രൂപ മൗഡ്ഗില്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് ഐഎഎസ് - ഐപിഎസ് തമ്മിലടിക്ക് കളമൊരുങ്ങുന്നത്. 2021ലും 2022 ലുമായി ചില വനിത ഓഫിസർമാരുമായി പങ്കിട്ടുവെന്ന് പറയപ്പെടുന്ന സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് രൂപ മൗഡ്ഗില്‍ ഫേസ്ബുക്ക് വഴി പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ ചില ഉന്നത പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും രോഹിണി അയച്ചിട്ടുണ്ടെന്നും ചിത്രങ്ങൾ പങ്കുവച്ചതിലൂടെ സര്‍വീസ് നിയമങ്ങൾ ലംഘിച്ചുവെന്നും രൂപ ആരോപണമുയര്‍ത്തിയിരുന്നു.
കൈനിറയെ ആരോപണം : 2015 ല്‍ അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ഡികെ രവിയുടെ മരണത്തിലും രോഹിണി സിന്ധൂരിയുടെ പേര് രൂപ മൗഡ്ഗില്‍ വലിച്ചിഴച്ചിരുന്നു. രവി രോഹിണിയുമായി പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മെസേജുകള്‍ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും രൂപ ചോദ്യമുന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ രവിക്ക് ജീവന് നഷ്ടപ്പെട്ടതിന് രോഹിണി കൂടി കാരണക്കാരിയാണെന്നും രൂപ ആരോപണമുന്നയിച്ചിരുന്നു. മാത്രമല്ല ജെഡി(എസ്) എംഎൽഎ എസ്ആര്‍ മഹേഷുമായി രോഹിണി കൂടിക്കാഴ്ച നടത്തിയ ചിത്രവും രൂപ പങ്കുവച്ചിട്ടുണ്ട്.
തെളിവുണ്ടോ, പുറത്തുവിടൂ :എന്നാല്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രൂപ മൗഡ്ഗില്‍ ഉന്നയിച്ചിരിക്കുന്നതെന്നറിയിച്ച് രോഹിണി സിന്ധൂരിയും പ്രതികരണവുമായെത്തി. താന്‍ ചിത്രങ്ങള്‍ അയച്ചുവെന്ന് ആരോപിച്ച പുരുഷ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്ന് അവര്‍ രൂപ മൗഡ്ഗിലിനെ വെല്ലുവിളിക്കുകയും ചെയ്തു. സമൂഹത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ബ്യൂറോക്രാറ്റുകളുടെ ചെളിവാരിയെറിയലിനൊപ്പം നേതാക്കളുടെ പേരുകള്‍ കൂടി വന്നതോടെ തമ്മിലടിക്ക് രാഷ്ട്രീയ പ്രാധാന്യവുമേറി.