ബെംഗളൂരു: കര്‍ണാടകയിലെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ പരസ്യമായ തമ്മിലടിയില്‍ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ പെരുമാറ്റത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. കർണാടക ദേവസ്വം കമ്മിഷണർ രോഹിണി സിന്ധൂരി ഐഎഎസും കര്‍ണാടക കരകൗശല വികസന കോർപ്പറേഷന്‍ ഐജിയും രാഷ്‌ട്രപതിയുടെ സ്വര്‍ണ മെഡല്‍ ജേതാവുമായ ഡി.രൂപ മൗഡ്‌ഗിലുമാണ് പരസ്യമായ വാക്‌പോരിലേക്ക് നീങ്ങിയത്.
അല്‍പം 'പക്വത' വേണ്ടേ?: സംഭവവികാസങ്ങളൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയല്ല. ഇത്തരം പെരുമാറ്റങ്ങള്‍ വലിയ കുറ്റം തന്നെയാണ്. സ്വകാര്യ വിഷയങ്ങള്‍ പൊതു ഇടത്തേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടുവെന്നും സംഭവത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സമീപനവും ശരിയായില്ലെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
ജനങ്ങള്‍ ദൈവങ്ങളായി കണ്ട് ആരാധിക്കുന്നവരാണ് അവര്‍. എന്നാല്‍ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കണ്ടാല്‍ ഞെട്ടിപ്പോകും. അവരുടെ പെരുമാറ്റം കാരണം പഴികേള്‍ക്കുന്നത് നല്ല ഉദ്യാഗസ്ഥര്‍ കൂടിയാണെന്നും മാനുഷിക വികാരങ്ങള്‍ ഇല്ലാത്തവര്‍ മാത്രമെ ഇത്തരം പ്രവൃത്തികളിലേക്ക് നീങ്ങുകയുള്ള എന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായും പൊലീസ് മേധാവിയുമായും സംസാരിച്ചിട്ടുണ്ടെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.