ബെംഗളൂരു :കെ.എസ് ഈശ്വരപ്പയുടെ രാജിയോടുകൂടി കര്‍ണാടക ബി.ജെ.പി മന്ത്രിസഭയില്‍ നിന്നും തെറിച്ചത് രണ്ടാം വിക്കറ്റ്. കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 2021 മാര്‍ച്ചില്‍ രമേശ് ജാർക്കിഹോളി, മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയിൽ നിന്നാണ് രാജിവച്ചത്.
ആവശ്യപ്പെട്ടത് 40 ശതമാനം കമ്മിഷൻ :കെ.എസ് ഈശ്വരപ്പ അഴിമതിക്കാരനെന്ന് ആരോപിച്ച കരാറുകാരൻ സന്തോഷ് പാട്ടീലിനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് നിലവിലെ ബസവരാജ് ബൊമ്മൈ സര്‍ക്കാരിന് വിനയായത്. ഏപ്രിൽ 11 നുണ്ടായ സംഭവത്തില്‍, പ്രാഥമിക അന്വേഷണത്തിൽ തന്നെ കരാറുകാരന്‍റേത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.
ഇതോടെയാണ് ദക്ഷിണേന്ത്യയിലെ ഏക ബി.ജെ.പി സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായത്. ആർ.ഡി.പി.ആർ വകുപ്പുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കുന്നതില്‍ 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നായിരുന്നു ഈശ്വരപ്പയ്‌ക്കെതിരായ ആരോപണം. മന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് സന്തോഷ് പാട്ടീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാധ്യമങ്ങള്‍ക്കും കത്തയച്ചിരുന്നു.
ആരോപണം കത്തിച്ച് കന്നഡ ടി.വി ചാനലുകള്‍ :ഈശ്വരപ്പയ്‌ക്കെതിരെ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറയുകയുണ്ടായി. ലൈംഗികാരോപണത്തെ തുടര്‍ന്നാണ് കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളി രാജിവച്ചത്. സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് മന്ത്രി ഒരു യുവതിയെ പീഡിപ്പിച്ചെന്നതാണ് ഉയര്‍ന്ന ആരോപണം.
മന്ത്രിയും യുവതിയുമുള്ള സ്വകാര്യ വീഡിയോ ക്ലിപ്പും ഓഡിയോ സംഭാഷണവും പുറത്തുവരികയുമുണ്ടായി. കന്നഡ ടി.വി ചാനലുകൾ മന്ത്രിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. ആരോപണങ്ങൾ വ്യാജമാണെന്നും ധാർമികത മുൻനിർത്തിയാൻ താൻ രാജിവയ്ക്കുന്നതെന്നുമായിരുന്നു അന്ന് രമേശ് ജാർക്കിഹോളി മാധ്യമങ്ങളോട് പറഞ്ഞത്. ഈശ്വരപ്പയും തന്‍റെ രാജിയെ ന്യായീകരിക്കുന്നത് അതേ ഭാഷയില്‍ത്തന്നെ.