വിജയപുര : കര്‍ണാടകയില്‍ സമ്പന്ന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തുവെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതേ വിഷം നല്‍കിയാണ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വിജയപുര എസ്‌പി ആനന്ദ് കുമാര്‍ അറിയിച്ചു.
യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് ചാക്കുകളിലായി ഇരുവരുടേയും മൃതദേഹങ്ങള്‍ കൃഷ്‌ണ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയില്‍ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയേയും ബന്ധുക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കി:സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തുവെന്ന് പ്രതികള്‍ വെളിപ്പെടുത്തി. സംഭവദിവസം പെണ്‍കുട്ടിയുടെ അച്ഛന്‍ ഇരുവരെയും ഒരുമിച്ച് കാണുകയും ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.
പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ അതേ വിഷം നല്‍കിയാണ് യുവാവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിന് ശേഷം രണ്ട് മൃതദേഹങ്ങളും ചാക്കില്‍ക്കെട്ടി കൃഷ്‌ണ നദിയില്‍ ഉപേക്ഷിച്ചു. ഒക്‌ടോബര്‍ പത്തിനാണ് ബാഗല്‍കോട്ട് ജില്ലയിലെ ഹാദരിഹാല ഗ്രാമത്തിന് സമീപം കൃഷ്‌ണ നദിയുടെ തീരത്ത് നിന്ന് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.