ബെംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മെ കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയുമായി കൂടുക്കാഴ്ച നടത്തി. ബിഎസ് യെദ്യൂരപ്പ പടിയിറങ്ങിയാൽ മുഖ്യമന്ത്രി കസേരയിലേക്ക് പ്രൾഹാദ് ജോഷിയുടെയും ബസവരാജ ബൊമ്മെയുടെയും പേരുകൾ പറഞ്ഞു കേൾക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ തന്‍റെ നിയോജകമണ്ഡലമായ ഷിഗാവോണിലെ കനത്ത മഴയെ തുർന്നുള്ള രക്ഷാപ്രവർത്തനത്തെപ്പറ്റിയാണ് സംസാരിച്ചതെന്നും രാഷ്ട്രീയ പരമായ ചർച്ചകൾ ഇല്ലായിരുന്നു എന്നുമാണ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞത്.
ചര്‍ച്ച ചെയ്തത് മാധ്യമങ്ങള്‍ മാത്രമെന്ന് പ്രൾഹാദ് ജോഷി
ഇതിനിടെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പിൻഗാമിയെക്കുറിച്ച് പാർട്ടി നേതൃത്വം തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യെദ്യൂരപ്പയോട് രാജിവെക്കുന്നതിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. നിലവില്‍ പ്രചരിക്കുന്നതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പ്രൾഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നത്. പകരക്കാരനായി താന്‍ വരുമെന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങള്‍ മാത്രമാണ് ഇത് ചര്‍ച്ച ചെയ്യുന്നത്. തങ്ങള്‍ക്കുള്ളത് ഹൈക്കമാന്‍ഡല്ല ദേശീയ നേതൃത്വമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.