ബെംഗളൂരു: ഹിജാബ് വിലക്ക് ചോദ്യം ചെയ്തുക്കൊണ്ടുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളി. ഹിജാബ് ഇസ്‌ലാമിന്‍റെ അനിവാര്യഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കിനെതിരെയുള്ള ഹര്‍ജികള്‍ തള്ളിയത്. ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്‍റേതാണ് വിധി. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
11 ദിവസമാണ് ഹര്‍ജിയിൽ വാദം നടന്നത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയ്‌ക്ക് പുറമേ ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കിയിരുന്നു. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മിഷണർ കമാൽ പന്ത് അറിയിച്ചിരുന്നു. ഇന്ന് മുതൽ 21 വരെയാണ് നിരോധനാജ്ഞ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി