ദക്ഷിണ കന്നഡ (കർണാടക):പുത്തൂർ താലൂക്കിലെ ഉപ്പിനങ്ങാടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജിൽ വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തിയ സംഭവത്തിൽ ഒരു വിദ്യാർഥിനിയെ കൂടി സസ്‌പെൻഡ് ചെയ്‌തു. ഇതോടെ ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്ന് കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്ന വിദ്യാർഥിനികളുടെ എണ്ണം ഏഴ് ആയി. ബുധനാഴ്‌ച ആറ് വിദ്യാർഥിനികളെ ഒരാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഹിജാബ് വിവാദം: ഉപ്പിനങ്ങാടി കോളജിൽ ഒരു വിദ്യാർഥിക്ക് കൂടി സസ്‌പെൻഷൻ - ഉപ്പിനങ്ങാടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജ്
വ്യാഴാഴ്‌ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്കെതിരെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം നടന്നിരുന്നു.
![ഹിജാബ് വിവാദം: ഉപ്പിനങ്ങാടി കോളജിൽ ഒരു വിദ്യാർഥിക്ക് കൂടി സസ്പെൻഷൻ Karnataka Hijab controversy Uppinangadi college suspends students students suspended for wearing hijab കർണാടക ഹിജാബ് വിവാദം ഉപ്പിനങ്ങാടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജ് ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിക്ക് സസ്പെൻഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15473107-1032-15473107-1654346183546.jpg)
വ്യാഴാഴ്‌ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്കെതിരെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണവും ഉണ്ടായി. കോളജിലെ അക്രമസംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് സഞ്‌ജീവ മറ്റന്തൂർ എംഎൽഎയുടെ അധ്യക്ഷതയിൽ കോളജ് വികസന സമിതി യോഗം ചേർന്നിരുന്നു. യോഗത്തിൽ ക്ലാസ് മുറികളിൽ മാത്രമല്ല, കോളജ് പരിസരത്തും ഹിജാബ് ധരിക്കുന്നതിൽ വിലക്കുണ്ടെന്ന് വ്യക്തമാക്കി.
കോളജ് കാമ്പസിൽ യൂണിഫോം അല്ലാതെ മറ്റ് വസ്‌ത്രങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല. നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർഥിനികളെ ഉടൻ സസ്‌പെൻഡ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. സസ്‌പെൻഡ് ചെയ്‌ത വിദ്യാർഥികൾക്ക് കോളജിൽ തിരികെ വരണമെങ്കിൽ, പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കോളജ് അധികൃതർക്ക് നൽകണം. കത്ത് നൽകി കോളജിൽ പ്രവേശിച്ച ശേഷം ചട്ടം ലംഘിച്ചാൽ വിദ്യാർഥികളെ പുറത്താക്കാനും യോഗത്തിൽ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകി.