ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് (ശിരോവസ്ത്രം) വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹൈക്കോടതി വിധി വരുന്നത് വരെ എല്ലാവരും സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണത്തെ ചോദ്യം ചെയ്‌ത് അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്, അത് അവിടെ തീരുമാനിക്കും...സമാധാനം പാലിക്കാന്‍ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു...കോടതി തീരുമാനിക്കുന്നത് വരെ എല്ലാവരും സംസ്ഥാന ഉത്തരവ് പാലിക്കണം,' ബസവരാജ് ബൊമ്മെ പറഞ്ഞു.
കഴിഞ്ഞ മാസം ഉഡുപ്പി ജില്ലയിലെ ഗവൺമെന്‍റ് ഗേൾസ് പിയു കോളജിൽ ഹിജാബ് ധരിച്ചതിന്‍റെ പേരിൽ ആറ് വിദ്യാർഥികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഹിജാബ് ധരിച്ച് കോളജിന്‍റെ ഡ്രസ് കോഡ് ലംഘിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.