ന്യൂഡല്‍ഹി:വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റി സുപ്രീം കോടതി. ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സെപ്‌തംബര്‍ ഏഴിലേക്ക് മാറ്റിയത്. അതേസമയം, കാമ്പസിനുള്ളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കാൻ സർക്കാർ കോളജുകൾക്ക് അധികാരം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് മാർച്ച് 15 നാണ് കർണാടക ഹൈക്കോടതി ശരിവച്ചത്.
ബെഞ്ച് സമ്മേളിച്ചയുടൻ തന്നെ ഹര്‍ജി സമര്‍പ്പിച്ച മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയോട് സമ്പൂര്‍ണ സമാഹാരം ഫയൽ ചെയ്യാൻ ജസ്‌റ്റിസ് ഹേമന്ത് ഗുപ്ത ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്ക് ശേഷമാണ് താന്‍ ഹർജി സമർപ്പിച്ചതെന്നും, അതില്‍ ഇതിന്‍റെ സമാഹാരമുണ്ടെന്നും ഹെഗ്‌ഡെ മറുപടി നൽകി. "വളർച്ചയെത്തിയ ഒരു സ്‌ത്രീയോട് അവരുടെ അഭിമാനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടില്‍ നിയന്ത്രണമില്ലെന്ന് പറയാനാകുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതൊരു മതപരമായ ആചാരമായിരിക്കാമെന്നും, എന്നാല്‍ യൂണിഫോം നിർദേശിച്ചിരിക്കുന്ന സ്‌കൂളിലേക്ക് ഹിജാബ് കൊണ്ടുപോകാമോ എന്നതാണ് ചോദ്യമെന്ന് ജസ്‌റ്റിസ് ഗുപ്ത മറുചോദ്യമെറിഞ്ഞു.
ഒരു സ്ഥാപനത്തിലെ അച്ചടക്കമാണ് വലുതെന്നും അവർ അത് പാലിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കർണാടക സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) കെഎം നടരാജ് കോടതിയിലറിയിച്ചു. എന്നാല്‍ ഹിജാബ് എങ്ങനെയാണ് സ്ഥാപനത്തിന്റെ അച്ചടക്കത്തെ ലംഘിക്കുന്നതെന്ന് ബെഞ്ച് സര്‍ക്കോനോട് ചോദിച്ചു. “ഹിജാബ് ധരിച്ച വിദ്യാർഥികൾ ഭഗവാ ഷാളുകൾ ധരിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസ്വസ്ഥതയുണ്ടായെന്ന് ഞങ്ങള്‍ക്ക് എഴുതിയതും, മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടതും സ്‌കൂള്‍ അധികൃതരാണ്. ഇതാണ് സര്‍ക്കാര്‍ ഉത്തരവിന്‍റെ പശ്ചാത്തലം. ഏതെങ്കിലും തരത്തിലുള്ള യൂണിഫോമുകള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാനത്തിനാകില്ല, മറിച്ച് യൂണിഫോം നിശ്ചയിക്കുന്നതില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും തീരുമാനമെടുക്കാം" എന്നും എഎസ്‌ജി കോടതിയെ അറിയിച്ചു. ചില സ്ഥാപനങ്ങൾ ഹിജാബ് നിരോധിച്ചിട്ടുണ്ടെന്നും എന്നാല്‍ വെല്ലുവിളി സര്‍ക്കാരിനാണെന്നും എഎസ്‌ജി വ്യക്തമാക്കി.
എന്നാല്‍, ഒരു ന്യൂനപക്ഷ സ്ഥാപനമുണ്ടെങ്കില്‍ ഹിജാബ് ഉണ്ടാകുമോ എന്ന് ജസ്‌റ്റിസ് ധൂലി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. അത് ഉണ്ടാകാമെന്നും, എന്നാല്‍ തങ്ങള്‍ അത് അതത് സ്ഥാപനങ്ങള്‍ക്ക് വിട്ടെന്നും അഡ്വക്കേറ്റ് ജനറല്‍ (എജി) മറുപടി പറഞ്ഞു. കർണാടകയിൽ ഹിജാബ് അനുവദിക്കുന്ന ഇസ്‌ലാമിക മാനേജ്മെന്റുകളുടെ സ്ഥാപനങ്ങൾ ഉണ്ടായേക്കാമെന്നും സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടില്ലെന്നും എജി ബെഞ്ചിനെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ സർക്കാർ നടത്തുന്ന സ്ഥാപനങ്ങള്‍ കാണുമോ എന്നും കോടതി ആരാഞ്ഞു.
"ഇത് കോളജ് വികസന സമിതികള്‍ക്ക് വിട്ടിരിക്കുകയാണ്. ഉഡുപ്പി കോളജ് പോലെയുള്ളവര്‍ ഹിജാബ് അനുവദിക്കരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്, എന്നാലിത് ഇവിടെ വെല്ലുവിളിക്കപ്പെടുന്നില്ല" എന്ന് എജി കോടതിയെ ബോധ്യപ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിൽ ഓഗസ്‌റ്റ് 29ന് സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. അതേസമയം, വിധിയെ ചോദ്യം ചെയ്‌ത ഈ കക്ഷികളിലെ ചിലരോട് “ഫോറം ഷോപ്പിങ്” അനുവദിക്കില്ലെന്നും ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു.