ബെംഗളൂരു : ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകേണ്ടത് ഭർത്താവിന്‍റെ കടമയാണെന്നും ജോലിയില്ലെങ്കിൽ തൊഴില്‍ കണ്ടെത്തി അതുചെയ്‌ത് നഷ്ടപരിഹാരം നൽകണമെന്നും കർണാടക ഹൈക്കോടതി. തൊഴിൽരഹിതനാണെന്നും ഭാര്യയ്ക്കും കുഞ്ഞിനും ജീവനാംശം നൽകാൻ പണമില്ലെന്നും കാണിച്ചുള്ള ഒരു ഹര്‍ജിക്കാരന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് നിര്‍ണായക നിരീക്ഷണം.
'തൊഴിൽ രഹിതനാണെന്നത് പരിഗണിക്കാനാവില്ല, ഭർത്താവ് ജോലി കണ്ടെത്തി ഭാര്യക്ക് ജീവനാംശം നൽകണം' : ഉത്തരവിട്ട് കർണാടക ഹൈക്കോടതി
ഭാര്യയ്ക്കും കുട്ടികൾക്കും നഷ്ടപരിഹാരം നൽകേണ്ടത് ഭർത്താവിന്‍റെ കടമ. തൊഴിൽരഹിതനാണെന്നത് ജീവനാംശം നൽകാതിരിക്കാനുള്ള ന്യായീകരണമല്ലെന്നും കോടതി
മൈസൂരിലെ കുടുംബ കോടതി പുറപ്പെടുവിച്ച ജീവനാംശ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായെത്തിയതായിരുന്നു ഹര്‍ജിക്കാരന്‍. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ഏകാംഗ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തന്‍റെ കക്ഷിക്ക് കരൾ സംബന്ധമായ അസുഖങ്ങളുണ്ടെന്നും കൃത്യമായ ജോലിയില്ലാത്തതിനാൽ 15,000 രൂപയിൽ കൂടുതൽ പ്രതിമാസം സമ്പാദിക്കാൻ കഴിയില്ലെന്നതിനാല്‍ നഷ്ടപരിഹാരം നൽകാനാവില്ലെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു
എന്നാല്‍ ഈ വാദം തള്ളിയ ഹൈക്കോടതി, ഭാര്യക്ക് 6000 രൂപയും കുട്ടിക്ക് 4000 രൂപയും നഷ്ടപരിഹാരം നൽകിയേ മതിയാകൂവെന്ന് ഹര്‍ജിക്കാരനോട് നിർദേശിച്ചു. 10,000 രൂപയെന്നത് ചെലവേറിയതല്ലെന്നും അത് കണ്ടെത്താൻ സാധിക്കില്ല എന്ന വാദം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്നും കോടതി നിരീക്ഷിച്ചു.കരൾ സംബന്ധമായ അസുഖമുണ്ടെന്ന വാദം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാന്‍ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.