ബെംഗളൂരു :അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്‌തുള്ള അപ്പീൽ പിന്‍വലിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. അപ്പീല്‍ പിന്‍വലിക്കാന്‍ അദ്ദേഹം കോടതിയോട് ആവശ്യപ്പെടുകയും ഇത് അനുവദിക്കപ്പെടുകയുമായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണത്തിന് ബിജെപി സര്‍ക്കാരാണ് തീരുമാനമെടുത്തത്. ഇത് ചോദ്യം ചെയ്‌ത് ഡികെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. പിന്നാലെ ഇതിനെതിരെ അദ്ദേഹം അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്‌തു. ഇതാണ് കോടതിയുടെ അനുമതിയോടെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുകൂടിയായ ഡി.കെ ശിവകുമാർ പിൻവലിച്ചത് (Karnataka High Court grants permission to withdraw DK Shivakumar's appeal).
ചീഫ് ജസ്റ്റിസ് പ്രസന്ന ബാലചന്ദ്ര വരാലെ, ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത് എന്നിവരുടെ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്. ഉദയ് ഹോളയും മനു അഭിഷേക് സിംഗ്‌വിയുമാണ് ഡികെ ശിവകുമാറിന് വേണ്ടി ഹാജരായത്. സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയും മുതിർന്ന അഭിഭാഷകൻ കപിൽ സിബലും, ഡികെ ശിവകുമാറിനെതിരായ മുന്‍ സര്‍ക്കാരിന്‍റെ സിബിഐ അന്വേഷണ ഉത്തരവ് പിന്‍വലിച്ചതായി അറിയിച്ചു. നവംബർ 23ന് ചേർന്ന കർണാടക മന്ത്രിസഭായോഗമാണ് ഉത്തരവ് പിൻവലിച്ചത്.