ബെംഗളൂരു :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോകള്‍ക്കെതിരായുള്ള ഹര്‍ജികള്‍ തള്ളി കര്‍ണാടക ഹൈക്കോടതി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മെയ് ആറ്, ഏഴ് ദിവസങ്ങളിലായി ബെംഗളൂരുവില്‍ പ്രധാനമന്ത്രി നടത്താനിരുന്ന റോഡ് ഷോകള്‍ക്ക് അനുമതി നല്‍കരുതെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം റോഡ് ഷോകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും വാദങ്ങള്‍ കോടതി രേഖപ്പെടുത്തി.
ഇത് ജനാധിപത്യത്തിന്‍റെ ഉത്സവം : ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് എന്നത് ഉത്സവ ആഘോഷമായാണ് കണക്കാക്കുന്നത്. റാലികളും റോഡ് ഷോകളും രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്‌റ്റിസ് കൃഷ്‌ണ എസ് ദീക്ഷിതിന്‍റെ ബഞ്ച് ഹര്‍ജി തള്ളിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അറിവും അവബോധവും പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് രാഷ്‌ട്രീയ റാലികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തില്‍ വോട്ടർമാരുടെ അറിവോടെയുള്ള തെരഞ്ഞെടുപ്പുകൾ ആവശ്യമായതിനാൽ ഇത്രയും വലിയ രീതിയിലുള്ള പ്രചാരണം ആവശ്യമാകുമെന്നും കോടതി വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കണം :എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകാനും കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആർക്കും ഒന്നും സംഭവിക്കാതിരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.
ഈ വര്‍ഷം മാത്രം 2517 റാലികള്‍ നടന്നു. ഇതിലൊന്നും തന്നെ അനിഷ്‌ട സംഭവങ്ങളുണ്ടായിട്ടില്ല. ആംബുലൻസുകളുടെയും സ്കൂൾ ബസുകളുടെയും ഗതാഗതത്തിന് ബദൽ റൂട്ട് ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങളിൽ ജനാധിപത്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ റാലികൾ സഹായിക്കുമെന്നും കോടതി അറിയിച്ചു.