ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് കുട്ടികളുടെ ഉത്തരവാദിത്തം മാത്രമല്ല, ബാധ്യത കൂടിയാണെന്ന് കർണാടക ഹൈക്കോടതി (Karnataka HC States Taking Care Of Parents Is Childrens Responsibility And Obligation). മകളും മരുമകനും ചേർന്ന് സ്വത്ത് സമ്മാനമായി കൈപ്പറ്റിയ ശേഷം മാതാപിതാക്കളെ മർദിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പി ബി വരാലെ, ജസ്റ്റിസ് കൃഷ്‌ണ, എസ് ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മാതാപിതാക്കളിൽ നിന്ന് സ്വത്ത് കൈക്കലാക്കുമ്പോൾ അവരെ പരിപാലിക്കേണ്ടതും മക്കളുടെ ബാധ്യതയാണെന്ന് കോടതി വ്യക്തമാക്കി. പിതാവ് മകൾക്ക് സ്വത്ത് സമ്മാനമായി നൽകിയത് അസാധുവാക്കിയ പേരന്‍റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്‍റനൻസ് ആക്‌ട് (Parental Welfare and Senior Citizens Maintenance Act) പ്രകാരമുള്ള ട്രൈബ്യൂണൽ ഡിവിഷണൽ ഓഫിസറുടെ ഉത്തരവിനെതിരെ തുംകൂറിലെ ഗുബ്ബി താലൂക്കിൽ ബസവപട്ടണത്തിൽ താമസിക്കുന്ന ആർ കവിത നല്‍കിയ ഹര്‍ജിയിലാണ് കർണാടക ഹൈക്കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും ശരിവച്ചു
കവിതയ്‌ക്ക് 2018 സെപ്‌റ്റംബർ 28 ന് പിതാവ് രാജശേഖരയ്യയിൽ നിന്ന് സ്വത്ത് സമ്മാനമായി ലഭിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജശേഖരയ്യ മകള്‍ക്കും മരുമകനും എതിരെ പരാതിയുമായി രംഗത്തെത്തി. മകളും മരുമകനും ചേര്‍ന്ന് തന്നെ വീട്ടില്‍ നിന്നിറക്കി വിടാന്‍ ശ്രമിക്കുന്നു എന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും സബ് ഡിവിഷണൽ ഓഫിസിൽ നല്‍കിയ പരാതിയില്‍ രാജശേഖരയ്യ വ്യക്തമാക്കി. മകളും മകനും ചേർന്ന് വീടുപണിക്കായി 10 ലക്ഷം രൂപ കടമെടുത്തതായും, കടം വീട്ടാൻ സമ്മാനമായി നല്‍കിയ വസ്‌തു വിൽക്കാൻ നിർബന്ധിച്ചതായും രക്ഷിതാക്കളുടെ പരാതിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് പേരന്‍റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്‍റനൻസ് ആക്‌ട് പ്രകാരമുള്ള ട്രൈബ്യൂണൽ സ്വത്ത് കൈമാറ്റം അസാധുവാക്കിയത്.