ബെംഗളൂരു:ചില ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ആവശ്യമായ പക്വത എത്തിയിട്ടില്ല എന്ന് കര്‍ണാടക ഹൈക്കോടതി. ഇത്തരം ആളുകള്‍ തങ്ങളുടെ കണ്‍മുന്‍പില്‍ കാണുന്നത് എന്തും വിശ്വസിക്കാന്‍ തയ്യാറാകുമെന്ന് കോടതി വിലയിരുത്തി. ദേശീയതയും പൊതുതാത്‌പര്യവും മുന്‍നിര്‍ത്തി ചില ട്വീറ്റുകളും ലിങ്കുകളും അക്കൗണ്ടുകളും നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ നല്‍കിയ പരാതിയിലായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
ജസ്‌റ്റിസ് കൃഷ്‌ണ എസ് ഡിക്‌സിറ്റ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അക്കൗണ്ടുകള്‍ നീക്കം ചെയ്യേണ്ടവര്‍ക്കെതിരെ നോട്ടിസ് നല്‍കേണ്ടത് നടപടിക്രമത്തിന്‍റെ ഭാഗമാണെന്നും അത് ഇതുവരെ നല്‍കിയില്ലെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ഹരണഹള്ളി പറഞ്ഞു. അക്കൗണ്ട് നീക്കം ചെയ്യണമെങ്കില്‍ അത് കൈകാര്യം ചെയ്യുന്ന വ്യക്തിയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയാല്‍ ആ വ്യക്തിയുടെ ഭാഗം ന്യായമാണെങ്കില്‍ അപ്പീലിന് പോകാന്‍ കഴിയുമെന്ന് അദ്ദേഹം വാദിച്ചു.
നമ്മുടെ താത്‌പര്യങ്ങള്‍ക്ക് എതിരാണെന്ന് കരുതി ഒരു വിദേശ സൈറ്റിന് എങ്ങനെ ഇത്തരം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും?. ചില ട്വീറ്റുകള്‍ അപകീര്‍ത്തികരമാണെന്ന് കരുതി അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം ചൂണ്ടികാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ ചോദിച്ചു. എന്താണ് ശരിയായ അറിവ് എന്നറിയേണ്ടത് ഒരു പൗരന്‍റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരും വിവരങ്ങളറിയാന്‍ പത്രത്തെ ആശ്രയിക്കണമെന്നില്ല. നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. വിവരങ്ങള്‍ ലഭിക്കുന്ന മാര്‍ഗങ്ങള്‍ ബ്ലോക്ക് ചെയ്യണമെന്ന് പറയുന്നത് ശരിയല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്‍റെ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് മുതിര്‍ന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം ബി നര്‍ഗുണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസിന്‍റെ വിചാരണ നവംബര്‍ 16ന് മാറ്റിവച്ചു. അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ട വ്യക്തിയുടെ ഇടപെടല്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഒരാളുടെ ഇടപെടല്‍ കോടതി അംഗീകരിക്കുകയാണെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. അവരെയെല്ലാം പരിഗണിച്ചാല്‍ കോടതി നിറയും. മാത്രമല്ല വലിയൊരു തുക പിഴയായി ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് അപേക്ഷ പിന്‍വലിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു.