ബംഗളൂരു:നിയമപ്രകാരമല്ലാത്ത മാതാപിതാക്കൾ ഉണ്ടാകാം, എന്നാൽ കുട്ടികൾ ഉണ്ടാകുന്നത് നിയമപ്രകാരം തന്നെയെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) 2011ൽ പുറത്തിറക്കിയ സർക്കുലറിൽ പരാമർശിച്ച വാക്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പ്രസ്താവന.
ഒരു വ്യക്തി ആദ്യ ഭാര്യയുടെ അനുവാദമില്ലാതെ രഹസ്യമായാണ് രണ്ടാം വിവാഹം കഴിച്ചിട്ടുള്ളതെങ്കിൽ, ഇയാളുടെ മരണശേഷം അല്ലെങ്കിൽ വിരമിക്കലിന് ശേഷം രണ്ടാമത്തെ ഭാര്യയോ കുട്ടികളോ നിയമപരമായ ജോലി ലഭിക്കാൻ അർഹരല്ലെന്നാണ് സർക്കുലറിൽ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിക്കുന്നത്.