ബെംഗളൂരു: സ്ലീസ് സിഡി കേസിൽ ബലാത്സംഗത്തിനിരയായ യുവതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കാൻ കർണാടക ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചതായി യുവതിയുടെ അഭിഭാഷകൻ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കാനുള്ള കൃത്യമായ തിയതിയോ സമയമോ ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ജഗദേശ് കെഎൻ മഹാദേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ലീസ് സിഡി കേസ്; യുവതിയോട് കോടതിയിൽ ഹാജരാകാൻ കർണാടക ഹൈക്കോടതി
ജോലി വാഗ്ദാനം ചെയ്ത് മുൻ മന്ത്രി രമേശ് ജാർക്കിഹോളി തന്നെ പീഡിപ്പിച്ചതായി യുവതി ആരോപിക്കുകയും സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്
അതേസമയം, യുവതി മൊഴി രേഖപ്പെടുത്താനെത്തുമെന്ന് പ്രതീക്ഷിച്ച് തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രണ്ട് ഡിസിപിമാര്‍, അഞ്ച് എസിപിമാർ, 10 ഇൻസ്പെക്ടർമാർ, 100 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ കോടതി പരിസരത്ത് വിന്യസിച്ചിരുന്നു. ജോലി വാഗ്ദാനം നൽകി മുൻ മന്ത്രി രമേശ് ജാർക്കിഹോളി തന്നെ പീഡിപ്പിച്ചതായി യുവതി ആരോപിക്കുകയും സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇതേതുടർന്ന് തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28ന് യുവതി കർണാടക ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. താൻ ബലാത്സംഗത്തിന് ഇരയായതായും മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ പരാതി നൽകിയതായും കത്തിൽ പറയുന്നു.
സംഭവത്തെ തുടർന്ന് മാർച്ച് മൂന്നിന് ജാർക്കിഹോളി മന്ത്രി പദം രാജിവെച്ചിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന്, ജാർക്കിഹോളിക്കെതിരെ കബ്ബൺ പാർക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.