ബെംഗളൂരു: ക്ഷേത്രങ്ങളിലെ പരമ്പരാഗത പൂജകളുടെ പേരുകള്‍ മാറ്റാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. മുസ്‌റൈ വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പൂജകളാണ് പുനര്‍നാമകരണം ചെയ്‌തത്. സലാം ആരതി, ദീവതിഗെ സലാം, സലാം മംഗളാരതി എന്നിങ്ങനെയുള്ള പേരുകള്‍ക്കാണ് മാറ്റമെന്ന് മുസ്‌റൈ വകുപ്പ് മന്ത്രി ശശികല ജോളി ശനിയാഴ്‌ച വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
'സലാം ആരതി ഇനി ആരതി നമസ്‌കാരം'; കര്‍ണാടകയിലെ പൂജകളുടെ പേരുകള്‍ മാറ്റി ബിജെപി സര്‍ക്കാര്‍
പൂജകളുടെ പേരുകള്‍ മാറ്റിയത് സംബന്ധിച്ച വിവരം മുസ്‌റൈ വകുപ്പ് മന്ത്രി ശശികല ജോളിയാണ് സര്‍ക്കുലറിലൂടെ അറിയിച്ചത്
ക്ഷേത്രങ്ങളിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നടത്തുന്നതാണ് സലാം ആരതി, ദീവതിഗെ സലാം, സലാം മംഗളാരതി പൂജകള്‍. ദീവതിഗെ സലാം - ദീവതിഗെ നമസ്‌കാരം, സലാം മംഗളാരതി - മംഗളാരതി നമസ്‌കാരം, സലാം ആരതി - ആരതി നമസ്‌കാരം എന്നിങ്ങനെയാണ് പുതിയ പേരുകള്‍. 'പേരുകള്‍ മാറ്റാന്‍ ഭക്തരില്‍ നിന്ന് ശക്തമായ ആവശ്യമുയരുന്നതായി മതപഠന സമിതി അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ വിശദമായ ചർച്ച നടന്നു. മറ്റൊരു ഭാഷയിലെ പദങ്ങള്‍ മാറ്റി സ്വന്തം ഭാഷയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമാണ് പുനര്‍നാമകരണം. പൂജ ചടങ്ങുകൾ പഴയപടി നടക്കും.' - മന്ത്രി ശശികല ജോളി പറഞ്ഞു.
മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്‍റെ കാലത്താണ് 'സലാം ആരതി' ആരംഭിച്ചത്. മൈസൂരിന്‍റെ ക്ഷേമത്തിനായാണ് ടിപ്പു തന്‍റെ പേരിൽ ആരാധന നടത്തിയത്. ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ അദ്ദേഹം മരിച്ചതിനുശേഷവും സംസ്ഥാനത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളിൽ ആചാരം തുടരുന്നുണ്ട്. ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പേരുമാറ്റം.