ബെംഗളൂരു: ഓണ്‍ലൈന്‍ റൈഡിങ് ആപ്പുകളായ ഓല, ഊബര്‍, റാപിഡോ തുടങ്ങിയവയില്‍ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്‌താല്‍ കുറ്റകരം. സംരംഭകര്‍ അധിക ചാര്‍ജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളില്‍ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടി എച്ച് എം കുമാര്‍ അറിയിച്ചു.
ഓല, ഊബര്‍, റാപിഡോ ഓട്ടോറിക്ഷ ബുക്ക് ചെയ്താല്‍ നടപടി: നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക - ഇന്നത്തെ പ്രധാന വാര്‍ത്ത
ഉപഭോക്താക്കളുടെ കൈയില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കിയതിനെ തുടര്‍ന്ന് ഓല, ഊബര്‍, റാപിഡോ ഓട്ടോറിക്ഷകള്‍ ബെംഗ്ലൂരുവില്‍ നിരോധിച്ചിരിക്കുകയാണ്
എന്തെങ്കിലും കാരണത്താല്‍ കമ്പനികള്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ 2016ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റേഴ്‌സ് റൂള്‍ പ്രകാരം ഓട്ടോറിക്ഷ കര്‍ണാടക രജിസ്‌ട്രേഷന്‍ അല്ലെന്ന് അറിയിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓട്ടോറിക്ഷ സർവീസ് പുനരാരംഭിക്കുന്നതിന് ടാക്‌സി സംരംഭകര്‍ പുതിയ അപേക്ഷ നൽകണം. അല്ലാത്ത പക്ഷം ഒരു വാഹനത്തിന് 5000 രൂപ വീതം പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ഇതേതുടര്‍ന്ന് ഒക്‌ടോബര്‍ ആറിന് ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് ഗതാഗത വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഉപഭോക്താക്കളുടെ കൈയില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കുന്നതും കുറ്റകരമാണെന്ന് വകുപ്പ് ചൂണ്ടികാട്ടി. സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സംസാരിച്ചിരുന്നുവെന്നും ലൈസന്‍സ് ഉപയോഗിക്കാതെ ഒരു കമ്പനിയും പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കണെമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്‌ണര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്‌തു. നടപടിയില്‍ ഓല, ഊബര്‍, റാപിഡോ കമ്പനികളുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.