ബെംഗളൂരു: ഉച്ചഭാഷിണിയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി നിരോധിച്ചു. ഉപയോഗിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.
ഓഡിറ്റോറിയം, കോൺഫറൻസ് റൂമുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, വിരുന്ന് സത്കാരങ്ങള്‍ നടക്കുന്ന ഹാളുകൾ എന്നിവ പോലുള്ള അടച്ചിട്ട ഇടങ്ങളിലല്ലാതെ രാത്രി ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൊതു ഇടങ്ങളില്‍ ഉച്ചഭാഷിണി പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ശബ്‌ദത്തിന്‍റെ തോത് 10 ഡെസിബലില്‍ (എ) കവിയരുതെന്ന സുപ്രീം കോടതി ഉത്തരവും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2000ലെ ശബ്‌ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.