ബെംഗളൂരു:Covid Karnataka:കർണാടകയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വാരാന്ത്യ കർഫ്യൂ നടപ്പാക്കുകയും വൈറസ് വ്യാപനം തടയുന്നതിനായി നിലവിലുള്ള രാത്രി കർഫ്യൂ രണ്ടാഴ്‌ചത്തേക്ക് നീട്ടുകയും ചെയ്യുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം ഭക്ഷണശാലകൾ, റെസ്‌റ്റോറന്‍റുകൾ, ബാറുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ എന്നിവ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കും. മൾട്ടിപ്ലക്‌സുകൾ, സിനിമാ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, തിയേറ്ററുകൾ എന്നിവയും 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ വ്യാഴാഴ്‌ച മുതൽ പ്രവർത്തിക്കും.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
1. സംസ്ഥാനത്തുടനീളം രാത്രി കർഫ്യൂ രണ്ടാഴ്‌ചത്തേക്ക് നീട്ടി. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ കർശനമായി കർഫ്യൂ ഏർപ്പെടുത്തും.
2. സംസ്ഥാന സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കും.
3. വാരാന്ത്യ കർഫ്യൂ സമയത്ത്, ബിഎംടിസി, നമ്മ മെട്രോ, അവശ്യ സേവനങ്ങൾ എന്ന നിലയിൽ ചുരുങ്ങിയത് മാത്രമേ പ്രവർത്തിക്കൂ.
4. ഇന്ന് മുതൽ ബെംഗളൂരു അർബൻ ജില്ലയിൽ 10, 11, 12 ക്ലാസുകൾ ഒഴികെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചു. മെഡിക്കൽ, പാരാമെഡിക്കൽ കോളജുകൾ മാത്രമേ തുറന്ന് പ്രവർത്തിക്കൂ.
5. സിനിമാ ഹാളുകൾ, മൾട്ടിപ്ലക്‌സുകൾ, ഓഡിറ്റോറിയങ്ങൾ മുതലായവ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കും, പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത ആളുകളെ മാത്രമേ അനുവദിക്കൂ.