കേരളം

kerala

ETV Bharat / bharat

Karnataka Cabinet | മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ കർണാടക ; പാഠപുസ്‌തകത്തില്‍ നിന്ന് ഒഴിവാക്കും ആർഎസ്എസ് സ്ഥാപകന്‍റെ ഭാഗം

ഇന്ന് ചേര്‍ന്ന കർണാടക മന്ത്രിസഭായോഗത്തിലാണ് മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ തീരുമാനമായത്

Etv Bharat
Etv Bharat

By

Published : Jun 15, 2023, 6:05 PM IST

Updated : Jun 15, 2023, 8:55 PM IST

ബെംഗളൂരു :മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ കർണാടക സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ സർക്കാർ അവതരിപ്പിക്കും. ആർഎസ്എസ് സ്ഥാപകൻ കെബി ഹെഗ്‌ഡേവാര്‍ ഉള്‍പ്പടെയുള്ളവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

'മതപരിവർത്തന നിരോധന ബിൽ മന്ത്രിസഭ ചർച്ച ചെയ്‌തു. 2022ൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് ഞങ്ങൾ അംഗീകാരം നൽകി. ജൂലൈ മൂന്ന് മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കും' - നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീൽ കാബിനറ്റ് മീറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഹെഡ്ഗേവാറിന് പുറമെ ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കർ, ചിന്തകൻ ചക്രവർത്തി സുലിബെലെ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കോൺഗ്രസിന്‍റെയടക്കം എതിർപ്പ് അവഗണിച്ചുള്ള, കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യന്‍ ആക്‌ട് (മതപരിവർത്തന വിരുദ്ധ നിയമം) 2022ലാണ് നിലവിൽ വന്നത്.

മതം മാറ്റിയാല്‍ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് :മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിന്, തെറ്റായി ചിത്രീകരിച്ചും ബലപ്രയോഗത്തിലൂടെയും മറ്റുമുള്ള മതംമാറ്റം എന്നിവയ്‌ക്കെതിരാണ് നിയമമെന്നാണ് ബിജെപി വാദിച്ചിരുന്നത്. ഇത്തരത്തില്‍ മതം മാറ്റിയാല്‍ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, എസ്‌സി / എസ്‌ടി എന്നീ വിഭാഗത്തിലെ ആളുകളെയാണ് മതപരിവര്‍ത്തനം നടത്തുന്നതെങ്കില്‍ കുറ്റവാളികൾ മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത തുകയുമാണ് പിഴ.

മതപരിവർത്തനത്തിന് വിധേയരായവർക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്‌ടപരിഹാരം നൽകാനും കൂട്ട മതപരിവർത്തന കേസുകളിൽ മൂന്ന് മുതൽ 10 വർഷം വരെ തടവും പിഴയും ശിക്ഷയായി നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നു. 10 വര്‍ഷം തടവിന് പുറമെ പിഴത്തുക ഒരു ലക്ഷംവരെയാണ്. ഒരു മതത്തിലെ പുരുഷൻ മറ്റൊരു മതത്തിലെ സ്ത്രീയുമായി വിവാഹം നടത്തി മതംമാറ്റുന്നതടക്കം പരിവർത്തനമായി കാണും. കുടുംബകോടതി വിവാഹം അസാധുവായി പ്രഖ്യാപിക്കുമെന്നും ഈ നിയമത്തില്‍ പറയുന്നു.

പരിഷ്‌കാരം അഭിമാന നേട്ടത്തിന്‍റെ ആത്മവിശ്വാസത്തില്‍ :കർണാടകയിൽ കേവലഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന സീറ്റുകളോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 136 സീറ്റുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുണ്ടായിരുന്ന‍ ബിജെപി സര്‍ക്കാര്‍ തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്നെങ്കിലും 66 സീറ്റുകളില്‍ മാത്രമായി പാര്‍ട്ടി ഒതുങ്ങുകയായിരുന്നു. ജെഡിഎസ് 19 സീറ്റുകളിലും മറ്റുള്ളവർ നാല് സീറ്റുകളിലുമാണ് വിജയം കൈവരിച്ചത്. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ ആഭ്യന്തരമന്ത്രി കെജെ ജോര്‍ജും വന്‍ വിജയമാണ് സ്വന്തമാക്കിയത്.

Last Updated : Jun 15, 2023, 8:55 PM IST

ABOUT THE AUTHOR

...view details