ബെംഗളൂരു: കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായി ജോലി ചെയ്യുന്ന വനിതാ ജിയോളജിസ്റ്റിനെ ബെംഗളൂരുവിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കെ എസ് പ്രതിമ (37) ആണ് കൊല്ലപ്പെട്ടത്. സുബ്രഹ്മണ്യപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡ്ഡകല്ലസന്ദ്രയിലെ ഗോകുല അപ്പാർട്ട്‌മെന്‍റിലാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പ്രതിമയെ കഴുത്ത് ഞെരിച്ച് കൊന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി തനിച്ചായിരുന്നു ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്‍റിൽ താമസം. ഭർത്താവും മക്കളും തീർഥഹള്ളിയിലാണ് കഴിയുന്നത്.
തുടർച്ചയായി വിളിച്ചിട്ടും ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് എത്തിയപ്പോൾ പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ബെംഗളൂരു സിറ്റി സൗത്ത് ഡിവിഷൻ ഡിസിപി രാഹുൽ കുമാർ ഷഹാപൂർവാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ പ്രതിമ ഓഫിസിൽ നിന്ന് വീട്ടിലെത്തിയിരുന്നതായാണ് വിവരം.
"ശനിയാഴ്‌ച പതിവുപോലെ, രാത്രി 8 മണിയോടെ പ്രതിമ വീട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഫോൺ കോളുകളൊന്നും പ്രതികരിക്കാത്തതിനാൽ, അവളുടെ ജ്യേഷ്‌ഠൻ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്”- ഡിസിപി രാഹുൽ കുമാർ വ്യക്തമാക്കി.
ഫോറൻസിക്, ടെക്‌നിക്കൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അന്വേഷണത്തിനായി മൂന്ന് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിഞ്ഞാൽ മാത്രമെ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കിടാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ബെംഗളൂരു അർബനിൽ ജോലി ചെയ്യുന്ന പ്രതിമ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഇതേ വീട്ടിലായിരുന്നു താമസമെന്നും ഡിസിപി കൂട്ടിച്ചേർത്തു.
കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചത്. പ്രഥമദൃഷ്‌ട്യാ ആഭരണങ്ങളോ വീട്ടിലെ വിലപിടിപ്പുള്ള മറ്റ് വസ്‌തുക്കളോ മോഷണം പോയിട്ടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കൊലപാതക കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവാവിനെ ട്രാക്‌ടർ കയറ്റി കൊലപ്പെടുത്തി, കാരണം ഭൂമി തർക്കം:ഇക്കഴിഞ്ഞ ഒക്‌ടോബർ 25നാണ് രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ യുവാവിനെ ട്രാക്‌ടർ കയറ്റി കൊലപ്പെടുത്തിയത്. ഭൂമി തർക്കത്തിന്‍റെ പേരിലാണ് ഭരത്പൂരിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിൽ കൊലപാതകം നടന്നത്. നിർപത് എന്ന യുവാവാണ് കൊല്ലപ്പെട്ടത് (Youth Killed by Tractor in Rajasthan over Land Dispute).
യുവാവ് ട്രാക്‌ടറിനടിയിൽ ചതഞ്ഞ് മരിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ദാരുണമായ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബയാനയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അദ്ദ ഗ്രാമത്തിൽ ബഹാദൂറിന്‍റെയും അടാർ സിംഗ് ഗുർജറിന്‍റെയും കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കത്തിനിടെ ആയിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ഇരു കുടുംബങ്ങളും തമ്മിൽ ഏറെ നാളായി ഭൂമി തർക്കം നിലനിൽക്കുന്നുണ്ടെന്ന് പ്രദേശവാസികളും പറയുന്നു.
READ MORE:Youth Killed By Tractor In Rajasthan; യുവാവിനെ ട്രാക്‌ടർ കയറ്റി കൊലപ്പെടുത്തി, കാരണം ഭൂമി തർക്കം