കേരളം

kerala

ETV Bharat / bharat

'ഞങ്ങള്‍ ഗോവധം നിരോധിച്ചു, രാമക്ഷേത്രം നിര്‍മിക്കുന്നു' ; കര്‍ണാടകയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് യെദ്യൂരപ്പ - ബിജെപി

ഗോവധം നിരോധിച്ചുവെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിലാണെന്നും വ്യക്തമാക്കി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച യുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ

Karnataka Former CM BS Yediyurappa  BS Yediyurappa on upcoming election  Karnataka  Karnataka Former Chief Minister  BS Yediyurappa  ഗോവധം നിരോധിച്ചു  ഗോവധം  രാമക്ഷേത്രം നിര്‍മിക്കുന്നു  തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം  ആത്മവിശ്വാസം പങ്കുവച്ച് യെദിയൂരപ്പ  യെദിയൂരപ്പ  കര്‍ണാടക മുന്‍ മുഖ്യമന്ത്രി  മുഖ്യമന്ത്രി  ബെംഗളൂരു  ബിജെപി  കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവച്ച് യെദിയൂരപ്പ

By

Published : Feb 4, 2023, 9:08 PM IST

ബെംഗളൂരു : ബിജെപി നേതൃത്വം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാന പര്യടനം നടത്താന്‍ പോകുന്നതായറിയിച്ച് കേന്ദ്ര പാര്‍ലമെന്‍റ് ബോര്‍ഡംഗവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാവരും ഒരുമിച്ചാണ് മുന്നോട്ടുപോവുന്നത്. കോണ്‍ഗ്രസിന്‍റെ പര്യടനം പാതിവഴിയില്‍ തന്നെ പഞ്ചറായിരിക്കുകയാണ്. സംസ്ഥാനത്ത് വീണ്ടും താമര വിരിയുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

ആര്‍ക്കും തടയാനാകില്ല :കേന്ദ്ര ബജറ്റില്‍ കര്‍ണാടകയ്‌ക്ക് വലിയ പ്രാതിനിധ്യമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 130 മുതല്‍ 140 സീറ്റുകള്‍ നേടി തങ്ങള്‍ വിജയിക്കും. തീര്‍ച്ചയായും ബിജെപി മാത്രമേ അധികാരത്തിലെത്തുകയുള്ളൂവെന്നും അത് ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറയുന്നു. താനും മുഖ്യമന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബിജെപി നേതാക്കള്‍ യോഗത്തിനിടെ

ഗോവധം, രാമക്ഷേത്രം, ഇനി തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രി മോദിയും അമിത്‌ ഷായും നേതൃത്വം നല്‍കുന്ന ബിജെപി സംസ്ഥാനത്ത് അധികാരത്തുടര്‍ച്ച നേടും. ഞങ്ങളുടെ പദ്ധതികളെല്ലാം തന്നെ ജനങ്ങളുടെ വാതില്‍പ്പടി വരെയെത്തി. സംസ്ഥാന ബജറ്റിലും ജനങ്ങള്‍ക്ക് ഏറെ പരിഗണനകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് തങ്ങള്‍ അധികാരത്തിലെത്തുമെന്നതില്‍ അത്രകണ്ട് ആത്മവിശ്വാസമുണ്ട്. തങ്ങള്‍ ഗോവധം നിരോധിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണെന്നും അംബേദ്‌കര്‍ സ്‌പൂര്‍തി ഭവന്‍ നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ ബസ് യാത്രയിലാണ്. കോണ്‍ഗ്രസിനുള്ളിലുള്ള അതൃപ്‌തിയും ആത്മവിശ്വാസക്കുറവും നമുക്ക് കാണാനാവും. എന്നാല്‍ ബിജെപിയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. ഒരുമിച്ച് മൂന്ന് ടീമുകളായി പര്യടനത്തിനിറങ്ങുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ : അതേസമയം യെദ്യൂരപ്പ സര്‍ക്കാരും ബസവരാജ് ബൊമ്മൈ സര്‍ക്കാരും നിരവധി ജനക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തുടര്‍ച്ച നേടുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള ദേശീയ നേതാവ് അരുണ്‍ സിങ് പറഞ്ഞു. യെദ്യൂരപ്പയെ പോലെയുള്ള നേതാക്കളുള്ളത് അനുഗ്രഹമാണ്. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ആ ആത്മവിശ്വാസം തന്നെ മതിയാകും. എന്നാല്‍ കോണ്‍ഗ്രസിന് നേതാവോ നേതൃത്വമോ ഇല്ലെന്നും അരുണ്‍ സിങ് കുറ്റപ്പെടുത്തി.

ബിജെപി യോഗത്തില്‍ നിന്ന്

വാഗ്‌ദാനങ്ങള്‍ മാത്രം മതിയോ : നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് പോവുന്നത്. വ്യക്തമായ നയങ്ങളില്ലാതെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് .വായില്‍ വെള്ളമൂറുന്ന തരത്തിലുള്ള മോഹന വാഗ്‌ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിവരുന്നത്. സൗജന്യമായി വൈദ്യുതി നല്‍കുമെന്നുള്ള തരം കള്ള വാഗ്‌ദാനങ്ങള്‍ നല്‍കുന്നത് സാമ്പത്തിക മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് കൊണ്ടാണെന്നും അരുണ്‍ സിങ് പരിഹസിച്ചു.

അമൃത കാലം വരുമെന്നും അവകാശവാദം : മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോണ്‍ഗ്രസ് സമാനമായ വാഗ്‌ദാനങ്ങള്‍ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പിലായി കണ്ടില്ല. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്‌ദാനം. അങ്ങനെയെങ്കില്‍ സിദ്ധരാമയ്യ അധികാരത്തിലിരുന്നപ്പോള്‍ അവരത് ലഭ്യമാക്കാ ത്തതെന്താണെന്നും അരുണ്‍ സിങ് ചോദിച്ചു. എന്നാല്‍ യഥാര്‍ഥ അമൃത്‌ കാലം വരാനിരിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details