കലബുറഗി : കർണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. സംസ്ഥാന മുന്‍ മന്ത്രിയും ആറ് തവണ പാർട്ടി എംഎൽഎയുമായ അംഗാര എസ്, മുൻ എംഎൽഎ ദൊഡ്ഡപ്പഗൗഡ പാട്ടീൽ നരിബോള, മുഡിഗെരെയിലെ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമി എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ രാജിവച്ചത്.
ALSO READ |കർണാടക തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; ഏഴ് സിറ്റിങ് എംഎൽഎമാർക്ക് സീറ്റില്ല
ബുധനാഴ്‌ചയാണ് (ഏപ്രില്‍ 12) അംഗാരയും ദൊഡ്ഡപ്പഗൗഡയും പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്. ഇന്നാണ് എംപി കുമാരസ്വാമി ബിജെപിയില്‍ നിന്ന് രാജിവച്ചതായി അറിയിച്ചത്. 2008ൽ ജെവർഗി മണ്ഡലത്തിൽ, മുൻ മുഖ്യമന്ത്രി എൻ ധർമസിങ്ങിനെ പരാജയപ്പെടുത്തിയ നേതാവാണ് ദൊഡ്ഡപ്പഗൗഡ പാട്ടീൽ. പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനില്ലെന്നും താന്‍ രാഷ്‌ട്രീയ പ്രവർത്തനം തന്നെ വേണ്ടെന്നുവയ്‌ക്കുകയാണ് എന്നുമാണ് അംഗാരയുടെ നിലപാട്. വൈകാരികമായാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സുള്ള്യ സീറ്റ് നൽകാത്തതാണ് മുൻ മന്ത്രിയുടെ രാജിക്ക് കാരണം.
നിലപാട് വ്യക്തമാക്കി നേതാക്കള്‍ :കലബുറഗി റൂറൽ ബിജെപി ജില്ല പ്രസിഡന്‍റ് ശിവരാജ് പാട്ടീൽ രാദ്‌വേദഗിയെയാണ് ബിജെപി ജെവർഗിയിൽ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം, താൻ മറ്റൊരു പാർട്ടിയിൽ ചേരുമെന്നും അല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും പാട്ടീൽ പറഞ്ഞു. ബുധനാഴ്‌ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ദൊഡ്ഡപ്പഗൗഡ പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചത്.
'ഞാൻ തട്ടിപ്പോ കൊള്ളയോ ചെയ്‌തിട്ടില്ല. 24 മണിക്കൂറും ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. 21 വർഷമായി ജെവർഗിയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിച്ചു. സത്യസന്ധമായ പ്രവർത്തനമാണ് നടത്തിയത്. പാർട്ടിക്ക് വേണ്ടി പ്രവർത്തകരോടൊപ്പം ഞാൻ അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്' - ദൊഡ്ഡപ്പഗൗഡ പാട്ടീൽ വ്യക്തമാക്കി.
ALSO READ |സിദ്ധരാമയ്യക്കെതിരെ വി സോമണ്ണ, ശിവകുമാറിനെ വീഴ്‌ത്താന്‍ ആര്‍ അശോക് ; കര്‍ണാടകയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി
'പാർട്ടി പ്രവർത്തകർക്ക് ഇതിൽ വേദനയുണ്ട്. എന്‍റെ പ്രവർത്തകരെ വേദനിപ്പിച്ചിട്ട് ഞാൻ എന്തിന് പാർട്ടിയിൽ ഇരിക്കണം. പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി ഞാൻ സമർപ്പിക്കും. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായോ സ്വതന്ത്ര സ്ഥാനാർഥിയായോ മത്സരിക്കും. തെരഞ്ഞെടുപ്പിൽ സംസ്ഥാന - ദേശീയ നേതാക്കള്‍ക്ക് മുന്‍പില്‍ എന്‍റെ ശക്തി എന്താണെന്ന് കാണിച്ചുകൊടുക്കും.' - മുൻ നിയമസഭാംഗം കൂട്ടിച്ചേർത്തു.
രണ്ടാം പട്ടികയില്‍ 23 സ്ഥാനാര്‍ഥികള്‍ :രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി ഇന്നലെ പുറത്തിറക്കി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ച 23 സ്ഥാനാര്‍ഥികളാണ് ഈ പട്ടികയിലുള്ളത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. നിലവില്‍ എംഎല്‍എമാരായ ഏഴുപേര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപി വിടുമെന്നാണ് സൂചന.