ബെംഗളൂരു :സംസ്ഥാനത്ത് ഹിജാബ് (ശിരോവസ്ത്രം) വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ യൂണിഫോം ധരിച്ച് മാത്രം സ്‌കൂളുകളിലും കോളജുകളിലും എത്തണമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. വിദ്യാർഥികൾ ഹിജാബും കാവിഷോളും ധരിച്ചല്ല പഠിക്കാൻ വരേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹിജാബ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിയമവകുപ്പും വിദ്യാഭ്യാസ വകുപ്പും ഉപദേശം നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം ലഭിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
2013ലെയും 2018ലെയും കർണാടക വിദ്യാഭ്യാസ നിയമം അനുസരിച്ച്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തങ്ങളുടെ യൂണിഫോം തെരഞ്ഞെടുക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ഒരേ യൂണിഫോം കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പാലിക്കണമെന്ന നിബന്ധനയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.
READ MORE:'സ്കൂള്‍ മതാചാര കേന്ദ്രമല്ല' ; വിദ്യാര്‍ഥികള്‍ കാവിഷോളും ഹിജാബും ധരിക്കേണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി
അതിനാൽ ഹൈക്കോടതി വിധി വരുന്നതുവരെ ഈ അധ്യയന വർഷത്തിന്‍റെ തുടക്കം മുതൽ സ്കൂൾ ഡവലപ്‌മെന്‍റ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി (SDMC) ഉണ്ടാക്കിയ ഏകീകൃത നിയമങ്ങൾ വിദ്യാർഥികൾ പാലിക്കണം. അതുവരെ ഹിജാബും കാവിഷോളും ധരിച്ച് സ്‌കൂൾ, കോളജ് വളപ്പിനുള്ളിൽ പ്രവേശിക്കരുതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ആർക്കും കഴിയില്ല. കുട്ടികൾ വളരെ താൽപ്പര്യത്തോടെയാണ് സ്‌കൂളിൽ വരുന്നത്. കുട്ടികളും രക്ഷിതാക്കളും അഡ്മിഷൻ സമയത്ത് യൂണിഫോം നിയമങ്ങൾ വായിച്ച് ഒപ്പിട്ടിട്ടുള്ളതാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാകരുതെന്ന് എല്ലാ എംഎൽഎമാരോടും അഭ്യർഥിക്കുന്നു.
കുട്ടികളെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കുക. അവരുടെ വിദ്യാഭ്യാസം മുടങ്ങരുത്. ഇതിനകം ചില കുട്ടികളോട് ഫോണിലൂടെ സംസാരിച്ചു. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.