ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പടിവാതിൽക്കൽ ഓക്സിജൻ എത്തിക്കുന്ന 'ഒ ടു ഫോർ ഇന്ത്യ' സംരംഭം ഉദ്ഘാടനം ചെയ്ത് കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണൻ. ഓല ഫൌണ്ടേഷനും ഗിവ് ഇൻഡ്യ ഫൌണ്ടേഷനും ചേർന്ന ആരംഭിച്ച സംരംഭമാണ് സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ കൂടിയായ സിഎൻ അശ്വത് നാരായണൻ തുടങ്ങിവെച്ചത്. പദ്ധതി പ്രകാരം 500 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുമായാണ് ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ സേവനം ആരംഭിക്കുന്നത്. രാജ്യത്തുടനീളം 10,000 ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്.
ഓക്സിജൻ സാച്ചുറേഷൻ 94 ന് താഴെയുള്ള രോഗികൾക്ക് കോൺസെൻട്രേറ്ററുകൾ നൽകും. കൂടാതെ ഓക്സിജന്റെ അളവ് 94 ന് മുകളിലുള്ളവർക്ക് ഇവ അനാവശ്യമായി നൽകില്ലെന്നും അശ്വത് നാരായണൻ പറഞ്ഞു. ഓല ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്ത് വാങ്ങിയതിന് ശേഷം രോഗി സുഖം പ്രാപിക്കുമ്പോൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ മടക്കിനൽകേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മല്ലേശ്വരം, കോരമംഗല മേഖലകളിൽ സർവീസ് ആരംഭിക്കുന്നുണ്ടെന്നും നഗരത്തിലും സംസ്ഥാനത്തും ഉടനീളം താമസിയാതെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.