ധാർവാഡ്:കർണാടകയിൽ അമിതവേഗതയിലെത്തിയ ക്രൂയിസർ കാര്‍ മരത്തിലിടിച്ച് ഒമ്പത് മരണം. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അനന്യ(14), ഹരീഷ് (13), ശിൽപ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35), ചന്നവ(45), മനുശ്രീ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടകയിൽ കാര്‍ മരത്തിലിടിച്ച് 9 മരണം; 11 പേർക്ക് ഗുരുതര പരിക്ക് - cruiser rams into a tree in Karnataka Dharwad
20 പേർ സഞ്ചരിച്ചിരുന്ന ക്രൂയിസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ധാർവാഡിലെ ബഡാ ഗ്രാമത്തിന് സമീപം വെള്ളിയാഴ്‌ച (മെയ് 20) രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. 20 പേർ സഞ്ചരിച്ചിരുന്ന ക്രൂയിസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മനസുര ഗ്രാമത്തിൽ നിന്ന് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് വാഹനം റോഡരികിലെ മരത്തിലിടിച്ച് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഡ്രൈവർക്ക് നിയന്ത്രണം വിട്ടതാണ് വാഹനം മരത്തിലിടിക്കാൻ കാരണമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ജില്ല പൊലീസ് സൂപ്രണ്ട് എസ്‌പി കൃഷ്‌ണകാന്ത അപകടസ്ഥലം പരിശോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.