കേരളം

kerala

ETV Bharat / bharat

നെഹ്‌റു ഇല്ലാതെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക; കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം - ആർഎസ്എസ് അടിമ

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നെഹ്‌റുവിനെ ഉൾപ്പെടുത്താത്തതിലൂടെ ബസവരാജ് ബൊമ്മൈ ആർഎസ്എസ് അടിമ ആണെന്ന് തെളിയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമർശിച്ചു.

Siddaramaiah against bommai  karnataka congress slams bommai  bommai government ad omits nehru  list of freedom fighters in india  Jawaharlal nehru in freedom fighters list  government ad omits nehru  സ്വാതന്ത്ര്യസമര സേനാനി ജവഹർലാൽ നെഹ്‌റു  കർണാടക സർക്കാരിനെതിരെ കോൺഗ്രസ്  ബസവരാജ് ബൊമ്മൈ സിദ്ധരാമയ്യ  പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  ആർഎസ്എസ് അടിമ  വി ഡി സവർക്കർ
നെഹ്‌റു ഇല്ലാതെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക; കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

By

Published : Aug 14, 2022, 4:24 PM IST

ബെംഗളുരു: ഞായറാഴ്‌ച കർണാടക സർക്കാർ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ജവഹർലാൽ നെഹ്‌റുവിന്‍റെ പേര് ഉൾപ്പെടുത്താത്തതിൽ സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ 'ആർഎസ്‌എസ് അടിമ' എന്ന് വിളിച്ച് ആക്ഷേപിച്ചു.

ബ്രിട്ടീഷുകാർ പോയതോടെ അടിമത്തം അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ താൻ ഇപ്പോഴും ആർഎസ്‌എസ് അടിമയാണെന്ന് മുഖ്യമന്ത്രി ബൊമ്മൈ തെളിയിക്കുകയാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നെഹ്‌റുവിനെ ഉൾപ്പെടുത്താത്തതിലൂടെ തന്‍റെ സ്ഥാനം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് എത്രത്തോളം അധഃപതിക്കാനാകുമെന്നതാണ് കാണിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

പരസ്യത്തിൽ ഉൾപ്പെടുത്തിയ വി.ഡി സവർക്കർക്കെതിരെയും സിദ്ധരാമയ്യ രംഗത്തെത്തി. വി.ഡി സവർക്കർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് മാപ്പിരക്കുകയും അവരുടെ ശിങ്കിടിയായി പ്രവർത്തിക്കുകയും ചെയ്‌തയാളാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

'ബൊമ്മൈ രാജ്യത്തെ ലോകത്തിന് മുൻപിൽ നാണംകെടുത്തി': ഒൻപത് വർഷം ബ്രിട്ടീഷുകാർ ജയിലിലടച്ചപ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി കത്തുകളും പുസ്‌തകങ്ങളും എഴുതിയിരുന്ന ആളാണ് നെഹ്‌റു എന്ന് ബൊമ്മൈ ഓർക്കണം. സവർക്കറെ പോലെ നെഹ്‌റു ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷയും ദയാഹർജിയും എഴുതി നൽകാത്തതിൽ ആർഎസ്‌എസിന് സങ്കടമുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയതിലൂടെ ബൊമ്മൈ ലോകത്തിന് മുൻപിൽ രാജ്യത്തെ നാണം കെടുത്തിയിരിക്കുകയാണ്. ഇന്ത്യയെ പരിഹസിക്കാൻ ബൊമ്മൈ ലോകരാജ്യങ്ങൾക്ക് അവസരം നൽകിയിരിക്കുകയാണ്. ഇതിന് രാജ്യത്തോട് മുഴുവൻ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

'ആർഎസ്‌എസിന് നെഹ്‌റുവിനോട് വിദ്വേഷം': വർഗീയതയെയും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെയും പിന്തുണച്ചതിനെ ശക്തമായി എതിർക്കുകയും പാർട്ടി നിരോധിക്കുകയും ചെയ്‌തതിന് ആർഎസ്‌എസിന് നെഹ്‌റുവിനോട് വിദ്വേഷമുണ്ടെന്നും സിദ്ധരാമയ്യ. ബ്രിട്ടീഷുകാരോട് അഭ്യർഥിക്കുകയും സ്വന്തം നിലനിൽപ്പിന് വേണ്ടി അവരുടെ ശിങ്കിടിയായി പ്രവർത്തിക്കുകയും ചെയ്‌ത സവർക്കർ ഒഴികെ ആർഎസ്‌എസിന് തങ്ങളുടെ സ്വാതന്ത്ര്യസമര സേനാനികളായി കാണിക്കാൻ മറ്റാരുമില്ല എന്നത് പരസ്യത്തിൽ നിന്ന് വ്യക്തമാണ്. ഈ അരക്ഷിതാവസ്ഥ സ്വാതന്ത്ര്യസമരത്തിലുള്ള ആർഎസ്‌എസിന്‍റെ യഥാർഥ പങ്കാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നെഹ്‌റുവിനെ ഒഴിവാക്കി കർണാടക സർക്കാർ: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ദേശീയ തലത്തിലും സംസ്ഥാനത്തും നടന്ന സ്വാതന്ത്ര്യസമരത്തിൽ ഭാഗമായ ചില പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക കർണാടക സർക്കാർ പരസ്യത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ വി.ഡി സവർക്കറിന്‍റെ ചിത്രം ആദ്യത്തെ നിരയിലും അംബേദ്‌കറിന്‍റെ ചിത്രം അവസാനത്തെ വരിയിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കിയിരുന്നു.

'ബിജെപിയ്‌ക്ക്‌ ഇപ്പോഴും തൊട്ടുകൂടായ്‌മ': ജയിൽ മോചിതനാക്കുവാൻ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച സവർക്കർക്ക് മുൻ നിരയിലും പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശബ്‌ദത്തിന് വേണ്ടി പോരാടിയ ബാബാ സാഹേബ് അംബേദ്‌കറെ അവസാന നിരയിലും ഉൾപ്പെടുത്തിയതിലൂടെ കർണാടക ബിജെപി ഇപ്പോഴും പാലിക്കുന്ന തൊട്ടുകൂടായ്‌മയാണ് വ്യക്തമാകുന്നത് എന്ന് സിദ്ധരാമയ്യ പറഞ്ഞു.

സർക്കാർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും രംഗത്തെത്തി. ജയിലിൽ കിടക്കുക മാത്രമല്ല നെഹ്‌റു ചെയ്‌തത്. തന്‍റെ സ്വത്തുക്കൾ വിട്ടുകൊടുക്കുകയും ദേശീയപതാകയും ഭരണഘടനയും നിലവിൽ വന്നപ്പോൾ രാജ്യം ഭരിക്കുകയും ചെയ്‌ത പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. നെഹ്‌റുവിനെ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് അത്ര അപമാനമാണോ എന്നും ഇത് കർണാടകയുടെ സംസ്‌കാരമല്ല എന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details