ബെംഗളൂരു : കർണാടകയിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ, മറ്റ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാർട്ടി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ.
- ഗൃഹജ്യോതി : അധികാരത്തിലെത്തിയാൽ എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി.
- ഗൃഹലക്ഷ്‌മി : ഓരോ സ്ത്രീ ഗൃഹനാഥയ്ക്കും പ്രതിമാസം 2000 രൂപ
- യുവനിധി :അധികാരത്തിലെത്തി ആദ്യത്തെ രണ്ട് വർഷം എല്ലാ തൊഴിൽരഹിതരായ ബിരുദധാരികൾക്കും പ്രതിമാസം 3,000 രൂപ, ഡിപ്ലോമക്കാർക്ക് 1,500 രൂപ
- ശക്തി : കെഎസ്ആർടിസി/ബിഎംടിസി ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര
- ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 10 കിലോ അരി/ റാഗി/ ഗോതമ്പ്
- അന്നഭാഗ്യ : എല്ലാ സർക്കാർ വകുപ്പുകളിലെയും ഒഴിവുകൾ ഒരു വർഷത്തിനകം നികത്തും
- 2006 മുതൽ സർവീസിൽ ചേർന്ന പെൻഷൻ അർഹരായ സർക്കാർ ജീവനക്കാർക്കും ഒപിഎസ് കാലാവധി നീട്ടുന്നത് പരിഗണിക്കും.
- സംവരണ പരിധി ഉയർത്തും. പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം 15 ശതമാനത്തിൽ നിന്ന് 17 ശതമാനമായും എസ്‌ടിക്ക് 3% നിന്ന് 7% വർധിപ്പിക്കും. ന്യൂനപക്ഷ സംവരണം 4% ആക്കി പുനഃസ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിംഗ, മറ്റ് സമുദായങ്ങൾക്കും സംവരണം വർദ്ധിപ്പിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉൾപ്പെടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേർന്ന നേതാക്കളെ സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 10നാണ് തെരഞ്ഞെടുപ്പ്. മെയ് 13ന് വോട്ടെണ്ണും.
ബിജെപി പ്രകടന പത്രിക : ഇന്നലെ ബിജെപിയും പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഏകീകൃത സിവിൽ കോഡ്, എൻആർസി, ഭക്ഷ്യസുരക്ഷ, വരുമാനം ഉയർത്താനുള്ള സംരംഭങ്ങൾ, സാമൂഹിക നീതി, എന്നിവ വാഗ്‌ദാനം ചെയ്‌തുകൊണ്ടായിരുന്നു ബിജെപിയുടെ പ്രകടന പത്രിക. ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് സൗജന്യ പാചക വാതക സിലിണ്ടർ, ദിവസേന അരലിറ്റർ സൗജന്യ നന്ദിനി പാൽ വിതരണം, പ്രതിമാസം 5 കിലോ ശ്രീ അന്ന അരി നൽകുന്ന പോഷൻ പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.