ബെംഗളുരു:സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷവും ഗ്രൂപ്പുകൾ തമ്മിൽ പടലപ്പിണക്കവും നിലനിൽക്കുന്നതിനിടെ പാർട്ടിയിലേക്ക് പുതിയ നേതാക്കളെ സ്വാഗതം ചെയ്ത് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. പാർട്ടി നയം പിന്തുടരണമെന്നും ചേരി തിരിയുന്നത് പാർട്ടി നയമല്ലെന്നും മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്ന നേതാക്കളോട് ഡി.കെ ശിവകുമാർ ഉപദേശിച്ചു.
ശ്രദ്ധിക്കണം പരസ്യ പ്രസ്താവന
പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ അത് വ്യക്തികൾക്ക് പകരം പാർട്ടിക്ക് അനുകൂലമാകണമെന്നും ശിവകുമാർ നേതാക്കളോട് ആവശ്യപ്പെട്ടു. അടുത്ത മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്കെന്ന തരത്തിൽ സിദ്ധരാമയ്യ അനുകൂലികളായ സമീർ അഹ്‌മദ്, ഭീമ നായ്ക്ക്, കാംപ്ലി ഗണേഷ്, അഖണ്ഡ ശ്രീനിവാസ് മൂർത്തി, എസ്. രാമപ്പ തുടങ്ങിയ നേതാക്കൾ പ്രചാരണം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ശിവകുമാർ അത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്.
Read More:മുഖ്യമന്ത്രിയാവാൻ തെരഞ്ഞെടുപ്പില്‍ വിജയിക്കണോ? പരിഹാസവുമായി ഡി.കെ ശിവകുമാര്‍
മുഖ്യമന്ത്രിയാവാനില്ലെന്ന് സിദ്ധരാമയ്യ
2023ലെ തെരഞ്ഞെടുപ്പിലേക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി പരസ്യ പ്രസ്താവന നടത്തരുതെന്നും മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഒരിക്കലും താൻ പ്രകടിപ്പിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാർ ഘടകവും സിദ്ധരാമയ്യ അനുകൂല ഘടകവും തമ്മിലുള്ള ഭിന്നത രൂക്ഷമായ തലത്തിൽ നിലനിൽക്കുന്നതിനിടയിലാണ് സിദ്ധരാമയ്യ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
കേന്ദ്രത്തെ വിമര്‍ശിച്ച് ശിവകുമാര്‍
രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ ഗൗരവത്തിൽ എടുക്കാത്തതിന് ശിവകുമാർ കേന്ദ്രത്തെ ശക്തമായി വിമർശിച്ചിരുന്നു. ബ്ലാക്ക് ഫംഗസ് രാജ്യത്ത് വ്യാപിക്കുകയാണ്. മൂന്നാം തരംഗത്തിന് മുന്നറിയിപ്പെന്ന പോലെ രാജ്യത്ത് കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. സർക്കാർ വാക്സിനേഷൻ ഗൗരവമായി കാണാത്തതിന്‍റെ വിലയാണ് രാജ്യം അനുഭവിക്കുന്നതെന്ന് ശിവകുമാർ ട്വിറ്ററിൽ കുറിച്ചു. കർണാടകയിലെ വാക്സിനേഷന്‍റെ വേഗത മൂന്നാം തരംഗത്തെ തടയുന്നതിന് പര്യാപ്തമല്ലെന്നും ശിവകുമാർ പറഞ്ഞു.