ബെംഗളുരു:മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് തലപ്പത്തെത്തിയതോടെ അദ്ദേഹത്തിന്‍റെ സ്വന്തം തട്ടകമായ കർണാടകയിലെ പാർട്ടി അണികള്‍ വലിയ ആവേശത്തിലാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ദലിത് വോട്ടുബാങ്കിന്‍റെ അടിത്തറ വിപുലപ്പെടുത്തി നേട്ടം കൊയ്യാമെന്ന പ്രതീക്ഷ പാര്‍ട്ടി നേതൃത്വത്തിനുമുണ്ട്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ സംസ്ഥാന പാര്‍ട്ടിയിലെ വിഭാഗീയത നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ഖാര്‍ഗെയുടെ നേതൃത്വം ഗുണം ചെയ്യുമെന്ന് തന്നെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.
'മായിക ലോകം' തകര്‍ക്കാന്‍ കോണ്‍ഗ്രസ്:100ലധികമുള്ള ജാതി വിഭാഗങ്ങളില്‍ നിന്നായി സംസ്ഥാനത്തെ ജനസംഖ്യയുടെ 24 ശതമാനത്തോളം ദലിത് വിഭാഗമാണുള്ളത്. കര്‍ണാടകയില്‍ ജഗ്‌ജീവൻ റാമിന് ശേഷം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാവുന്ന രണ്ടാമത്തെ ദലിത് നേതാവെന്ന നിലയില്‍ തന്നെ വളരെയധികം ഗൗരവകരമായാണ് ഖാര്‍ഗെയുടെ സ്ഥാനാരോഹണത്തെ സംസ്ഥാനം കാണുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും അണികളും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
ഇത്തരത്തില്‍ ബിജെപി സൃഷ്‌ടിച്ച 'മായിക ലോകം' രാജ്യത്തെന്ന പോലെ സംസ്ഥാനത്തും കോണ്‍ഗ്രസിന്‍റെ പ്രഭ കെടുത്തി. ഇതടക്കം പല കാരണങ്ങളായി ദലിതർക്കിടയിൽ കോൺഗ്രസിന്‍റെ ശക്തമായ പിന്തുണ വർഷങ്ങളായി കുറഞ്ഞുവെന്നതില്‍ പാര്‍ട്ടിക്കകത്തുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെയടക്കം മറികടക്കണം എന്നതാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.
മുന്നേറ്റ ലക്ഷ്യം ഇടതിനെ തോളോടുചേര്‍ത്ത്:സംസ്ഥാന ബിജെപി ഭരണത്തിന്‍റെ പിടിപ്പുകേടുകള്‍ തുറന്നുകാട്ടുക, വികസന അജണ്ടകള്‍ മുന്നോട്ടുവയ്‌ക്കുക, ദലിതര്‍ വിഘടിച്ചുനില്‍ക്കുന്ന ഇടത് പാര്‍ട്ടികളടക്കമുള്ളവരുമായി സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോവാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഇടതുപാര്‍ട്ടികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പാര്‍ട്ടിയുടെ പഴയ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇത് കോണ്‍ഗ്രസിന് സംസ്ഥാനത്തേറ്റ പ്രഹരത്തില്‍ ആഘാതം വര്‍ധിപ്പിച്ചിരുന്നു. ഇക്കാരണം തന്നെയാണ് സംസ്ഥാനത്ത് ഗണ്യമായ സാന്നിധ്യമുള്ള ഇടതുപക്ഷത്തിന്‍റെ പിന്തുണ ഇനിയും നഷ്‌ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നത്.
ദലിത് വിഭാഗത്തിന്‍റെ പിന്തുണ കാലങ്ങളായി കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കിലും ഈ ജാതിയില്‍പ്പെട്ട ആളെ സംസ്ഥാന ഭരണത്തലപ്പത്ത് എത്തിക്കാന്‍ ആ പാര്‍ട്ടിയ്‌ക്ക് അടുത്ത കാലത്തൊന്നും കഴിഞ്ഞിരുന്നില്ല. ഇതില്‍ ദലിത് വിഭാഗത്തിന്‍റെ ഇടയില്‍ വന്‍തോതിലുള്ള വിയോജിപ്പിന് ഇടവരുത്തിയിരുന്നു. നേരത്തേ പലതവണയായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനുള്ള അവസരം ഖാര്‍ഗെയ്‌ക്ക് വന്നിരുന്നു. എന്നാല്‍, സ്വന്തം താത്‌പര്യം കണക്കിലെടുക്കാതെ രാഷ്‌ട്രീയ കാരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം പാലിച്ച് അനുസരണയുള്ള പ്രവര്‍ത്തകനായി മാറി നില്‍ക്കുകയാണ് അദ്ദേഹം ചെയ്‌തത്.
മുന്നേറാന്‍ നല്‍കണം പരിഗണന:''മല്ലികാര്‍ജുന്‍ ഖാർഗെയുടെ സ്ഥാനാരോഹണം കർണാടകയിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്. എന്നാല്‍, അത് എത്രത്തോളം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പറയാന്‍ ഇപ്പോഴാവില്ല''- അസിം പ്രേംജി സർവകലാശാലയിലെ പ്രൊഫസറും പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനുമായ എ നാരായണ പറയുന്നു.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രതീക്ഷകള്‍ക്ക് ശക്തമായ പിന്തുണ നല്‍ക്കാന്‍ ദലിതർ വിസമ്മതിച്ചു. ഇതിന്‍റെ ഫലംകൂടിയാണ് കോൺഗ്രസിന്‍റെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റത്. അതുകൊണ്ടുതന്നെ അവര്‍ക്കുകൂടി അര്‍ഹമായ പരിഗണന നല്‍കുന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറണമെന്ന അഭിപ്രായം എ നാരായണ മുന്നോട്ടുവച്ചു.