ബെംഗളൂരു:കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ കഴുകൻ ഇടിച്ചതിനെ തുടര്‍ന്ന് ചില്ല് തകര്‍ന്നു. ഇന്ന് രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ പാർട്ടിയുടെ പ്രകടന പത്രിക പ്രകാശന ചടങ്ങിന് ശേഷം കോലാറിലേക്ക് പോവുകയായിരുന്നു അദ്ദേഹം. സംഭവത്തെ തുടര്‍ന്ന് കോപ്‌റ്റര്‍ അടിയന്തര ലാൻഡിങ് നടത്തി.
ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ കഴുകൻ ഇടിച്ച് ചില്ല് തകര്‍ന്നു; അടിയന്തര ലാൻഡിങ് നടത്തി - ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ കഴുകൻ ഇടിച്ചു
ബെംഗളൂരുവിലെ ജക്കൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 10 മിനിറ്റിനുള്ളിലാണ് അപകടമുണ്ടായത്
ബെംഗളൂരുവിലെ ജക്കൂർ വിമാനത്താവളത്തിൽ നിന്ന് പറന്ന ഹെലികോപ്റ്റർ ഹൊസ്‌കോട്ടിനടുത്ത് വച്ചാണ് കഴുകൻ ഇടിച്ചത്. തുടർന്ന് ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയതോടെ കെപിസിസി പ്രസിഡന്‍റ് റോഡുമാർഗമാണ് വേദിയിലെത്തിയത്. ശിവകുമാറുമായി അഭിമുഖം നടത്താന്‍ കോപ്‌റ്ററില്‍, കന്നഡ വാർത്താചാനലിലെ മാധ്യമപ്രവര്‍ത്തകനും കയറിയിരുന്നു. പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടമുണ്ടായത്.
'മുൽബാഗലിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളുടെ ഹെലികോപ്റ്റര്‍ ഒരു അപകടത്തില്‍പ്പെട്ടു. അതിൽ എന്‍റെ സഹയാത്രികർക്ക് പരിക്കേറ്റു. അപകടത്തെക്കുറിച്ച് ആരാഞ്ഞ എല്ലാ കന്നഡക്കാര്‍ക്കും നന്ദി. ഞാൻ സുരക്ഷിതനാണ്. അടിയന്തര ലാൻഡിങ് നടത്താന്‍ ഇടപെട്ട പൈലറ്റിനും ഞാൻ നന്ദി പറയുന്നു. ഇപ്പോൾ റോഡ് മാർഗം മുൾബാഗലിലേക്കുള്ള യാത്രയിലാണ്' - സംഭവത്തിന് തൊട്ടുപിന്നാലെ ശിവകുമാർ ട്വീറ്റ് ചെയ്‌തു. കോൺഗ്രസ് ഇന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മെയ് 10നാണ് തെരഞ്ഞെടുപ്പ്. 13-ാം തിയതി ഫലം പുറത്തുവരും.