ബെംഗളൂരു : കർണാടകയിൽ വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്താൻ അധികാരികൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് പുതിയ കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരവിനെ കുറിച്ച് സിദ്ധരാമയ്യ സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി വിശദമായ ചർച്ച നടത്തിയിരുന്നു. 2013ൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ വ്യാജവാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ധാരാളമായി പ്രചരിച്ചിരുന്നു. ഇപ്പോഴും അതേ തന്ത്രമാണ് രാഷ്‌ട്രീയ എതിരാളികൾ പയറ്റുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ഈ വ്യാജ വാർത്ത പ്രചാരണം. കൂടുതൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ അത് സമൂഹത്തിൽ അശാന്തി സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം പ്രവണതകളുടെ വേരുകൾ തുടക്കത്തിൽ തന്നെ വെട്ടിമാറ്റാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അധികാരികളോട് ആവശ്യപ്പെട്ടു.
കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, പശുവിന്‍റെ മാംസം കടത്തൽ തുടങ്ങിയ വാർത്തകളാണ് എതിർ പാർട്ടികൾ ഭരണകൂടത്തിനെതിരെ പ്രചരിപ്പിക്കുന്നത്. എന്നാൽ ജനങ്ങൾ ബിജെപിയേയും സംഘപരിവാറിനേയും നിഷ്‌കരുണം തള്ളിക്കളഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ നടക്കുന്ന ഈ സമയത്ത് വ്യാജവാർത്തകളിലൂടെ കലാപമുണ്ടാക്കുന്നതിനും ഗ്രൂപ്പുകൾ തമ്മിൽ സംഘട്ടത്തിനും ശ്രമം നടത്തുന്നതായാണ് സൂചനകൾ ലഭിക്കുന്നതെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.