ബംഗളൂരു: കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിരീക്ഷണത്തിൽ തുടരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹത്തിന് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് രണ്ടാം തവണയും കൊവിഡ്
ഇത് രണ്ടാം തവണയാണ് കർണാടക മുഖ്യന് കൊവിഡ് സ്ഥിരീകരിക്കുന്നത്. 2020 ഓഗസ്റ്റില്‍ അദ്ദേഹത്തിനും ചില കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചിരുന്നു. ഈ വർഷം മാർച്ചിൽ അദ്ദേഹം വാക്‌സിന്‍റെ ആദ്യ ഡോസും പിന്നാലെ രണ്ടാം ഡോസും സ്വീകരിച്ചിരുന്നു.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് ഇന്ന് കര്‍ണാടക രേഖപ്പെടുത്തിയിരുന്നു. 17,489 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,41,998 ആയി. ഇന്ന് മാത്രം 80 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് തിരിച്ചറിഞ്ഞു.
ഇതുവരെ 13,270 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ബെംഗളൂർ നഗരത്തിൽ മാത്രം 11,404 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനിടെ 1,43,308 സാമ്പിളുകള്‍ പരിശോധിച്ചു. 5,565 പേരാണ് രോഗമുക്തി നേടിയത്. 1,19,160 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.