ബെംഗളൂരു:കര്‍ണാടകയില്‍ ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ വിഡി സവര്‍ക്കറെ കുറിച്ചുള്ള ഭാഗം വിവാദത്തില്‍. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന സവര്‍ക്കർ ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സ്വദേശം സന്ദർശിക്കാറുണ്ടെന്നാണ് പാഠഭാഗത്തുള്ളത്. ബിജെപി സര്‍ക്കാർ നിയോഗിച്ച പാഠപുസ്‌തക പരിഷ്‌കരണ സമിതിയാണ് വിഡി സവര്‍ക്കറെ കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള കന്നഡ പാഠപുസ്‌തകത്തിലാണ് വിവാദ പാഠഭാഗമുള്ളത്. വിജയമാല രംഗനാഥിന്‍റെ ബ്ലഡ് ഗ്രൂപ്പ് എന്ന പാഠഭാഗം ഒഴിവാക്കി പകരം ഉള്‍പ്പെടുത്തിയ കെ.കെ ഗട്ടി രചിച്ച 'കാലവനു ഗെദ്ദവരു' (സമയത്തെ അതിജീവിച്ചവര്‍) എന്ന ഭാഗത്താണ് സവര്‍ക്കറുടെ ജയില്‍വാസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ കഴിയുന്ന സവര്‍ക്കറെ സന്ദര്‍ശിക്കുന്ന എഴുത്തുകാരന്‍റെ അനുഭവത്തെ കുറിച്ചാണ് ആദ്യ ഭാഗം.
വിവാദ പാഠഭാഗം: 'സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലിനകത്ത് താക്കോല്‍ ദ്വാരം പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ബുള്‍ബുള്‍ പക്ഷികള്‍ സ്ഥിരമായി സവര്‍ക്കറുടെ തടവറയിലെത്താറുണ്ടായിരുന്നു. എല്ലാ ദിവസവും പക്ഷിയുടെ ചിറകിലേറി സവർക്കര്‍ സ്വദേശം സന്ദര്‍ശിക്കും', പാഠഭാഗത്തില്‍ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വിഡി സവര്‍ക്കറെ മഹത്വവത്‌ക്കരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. ബുള്‍ബുള്‍ പാഠഭാഗത്തെ കുറിച്ച് കര്‍ണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റിക്ക് മൂന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ യാത്ര ചെയ്‌തെന്നത് ആലങ്കാരികമായി പറഞ്ഞതാണെന്നാണ് വിവാദ ഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രോഹിത് ചക്രതീർഥയുടെ അധ്യക്ഷതയിലുള്ള പാഠപുസ്‌തക പരിഷ്‌കരണ സമിതിയുടെ അവകാശവാദം.