ബെംഗളൂരു:കര്‍ണാടകയില്‍ മുന്‍ മന്ത്രി രമേഷ് ജര്‍ക്കിഹോളിയുമായി ബന്ധപ്പെട്ട സിഡി വിവാദത്തില്‍ യുവതിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ മൊഴിയെടുത്തത്. മന്ത്രിക്കെതിരെയുള്ള ലൈഗിംകാരോപണവുമായി ബന്ധപ്പെട്ട് വീഡിയോ പുറത്തെത്തിയതോടെ മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജി വച്ചിരുന്നു.
യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം ബെലഗാവിയിലെത്തിയത്. കാണാതായതിന് ശേഷം പെണ്‍കുട്ടി നാല് തവണ ഫോണില്‍ ബന്ധപ്പെട്ടതായി രക്ഷിതാക്കള്‍ പ്രാദേശിക പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഗോവ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യുവതി വിളിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഗോവയില്‍ നിന്ന് വിളിച്ചപ്പോള്‍ യുവതി സുരക്ഷിതയാണെന്ന് പറഞ്ഞിരുന്നുവെന്നും പിന്നീട് ബെംഗളൂരില്‍ നിന്നും പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നതായി മാതാപിതാക്കള്‍ പറയുന്നു.
എന്നാല്‍ ചെന്നൈയില്‍ നിന്നും വിളിച്ചപ്പോള്‍ യുവതി ഭയന്നിരുന്നുവെന്നും താന്‍ വിഷാദത്തിലാണെന്ന് പറഞ്ഞിരുന്നുവെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. മകളെ ആരോ തട്ടികൊണ്ടു പോയതാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഈ ഫോണ്‍ കോളുകളെല്ലാം തന്നെ യുവതിയുടെ സഹോദരന്‍ റെക്കോര്‍ഡ് ചെയ്‌ത് വെച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇതുവരെ ഇത് കണ്ടെത്തിയിട്ടില്ലെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.