ബംഗളൂരു:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കർണാടക സർക്കാർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷകൾ ജൂലൈ മൂന്നാം വാരത്തിൽ നടത്തിയേക്കും. ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുമെന്നും ഈ വർഷം പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒരു വിദ്യാർഥിയും പരാജയപ്പെടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു.
ഫലപ്രഖ്യാപനത്തിൽ വിദ്യാർഥിക്ക് തൃപ്തി ഇല്ലാത്ത പക്ഷം കൊവിഡ് സാഹചരയം മാറിയ ശേഷം നടത്തുന്ന പരീക്ഷയ്ക്ക് ഹാജരാകാമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കും. ഈ മഹാമാരി സമയത്ത് വിദ്യാർഥികളെ പരീക്ഷയ്ക്ക് വിധേയരാക്കുന്നത് അവരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏറ്റവും ലളിതമായ രീതിയിൽ മൂല്യനിർണയം നടത്തുമെന്നും വ്യക്തമാക്കി. ഈ വർഷം ഓരോ വിഷയത്തിനും പരമാവധി 40 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക. മൂന്നു മണിക്കൂറാണ് ഒരു പരീക്ഷയുടെ സമയപരിധി.