ബെംഗളൂരു : ഏകീകൃത സിവിൽ കോഡ് (യുസിസി), എൻആർസി (ദേശീയ പൗരത്വ രജിസ്റ്റർ),ഭക്ഷ്യസുരക്ഷ, വരുമാനമുയര്‍ത്താനുള്ള സംരംഭങ്ങള്‍, സാമൂഹിക നീതി എന്നിവ വാഗ്‌ദാനം ചെയ്‌ത് കര്‍ണാടകയില്‍ ബിജെപിയുടെ പ്രകടന പത്രിക. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകളും ദിവസവും അര ലിറ്റർ സൗജന്യ നന്ദിനി പാലും വിതരണം ചെയ്യുമെന്നതടക്കം ക്ഷേമ വാഗ്‌ദാനങ്ങളും ഉൾപ്പെടുന്നു. ബെംഗളൂരുവിലെ ഹോട്ടൽ ഷാംഗ്രിലയിൽ നടന്ന പരിപാടിയിലാണ്, ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.
ബിജെപി വികസന അനുകൂല അജണ്ടയിൽ പ്രതിജ്ഞാബദ്ധമാകുമ്പോൾ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. ശുപാർശകൾ നൽകാൻ ഉന്നതതല സമിതി രൂപീകരിച്ച് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അപ്പാർട്ട്മെന്‍റുകളിലെ താമസ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിനും കർണാടക റസിഡന്‍റ്സ് വെൽഫെയർ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ഉത്സവകാലങ്ങളില്‍ ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള (ബിപിഎൽ) എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 3 സൗജന്യ പാചക വാതക സിലിണ്ടറുകൾ നല്‍കും. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാല്‍ ലഭ്യമാക്കും. പ്രതിമാസം 5 കിലോ ശ്രീ അന്ന അരി നൽകുന്ന ‘പോഷണ’ പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.