ബെംഗളൂരു :സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിതെളിച്ച ഹിജാബ് - കാവിഷാള്‍ വിവാദത്തിന് അറുതി വരുത്താനായി പുതിയ നടപടി സ്വീകരിച്ച് കർണാടക സർക്കാർ. സമത്വത്തിനും അഖണ്ഡതയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.
1983ലെ കർണാടക വിദ്യാഭ്യാസ നിയമം 133 (2) പ്രകാരം, വിദ്യാർഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണം. സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേഷന് അവർക്ക് ഇഷ്ടമുള്ള യൂണിഫോം തെരഞ്ഞെടുക്കാം. പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിന്‍റെ, കോളജ് ഡെവലപ്‌മെന്റ് കമ്മിറ്റിയോ അപ്പീൽ കമ്മിറ്റിയോ തെരഞ്ഞെടുക്കുന്ന വസ്ത്രമാണ് വിദ്യാർഥികൾ ധരിക്കേണ്ടത്.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തെരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.