ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ജെഡിഎസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് ലഭിക്കാത്ത നേതാക്കൾ വിമത സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിൽ രംഗത്തെത്തിയിരുന്നു. മത്സരിച്ച പല വിമത സ്ഥാനാർഥികളെയും പാർട്ടി പുറത്താക്കിയിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് 24 പേരാണ് വിമത സ്ഥാനാർഥികളായത്.
ഇവരെയെല്ലാം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 വർഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. 13ലധികം പേരാണ് ബിജെപിയിൽ നിന്ന് വിമത സ്ഥാനാർഥികളായി മത്സരിച്ചത്.
ഷിഡ്‌ലഘട്ട: ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്‌ലഘട്ട മണ്ഡലത്തിൽ രാജീവ് ഗൗഡയ്‌ക്കാണ് കോൺഗ്രസ് ടിക്കറ്റ് നൽകിയത്. അഞ്ജനപ്പയാണ് മണ്ഡലത്തിൽ വിമത സ്ഥാനാർഥിയായി മത്സരിച്ചത്.
മായകൊണ്ട: ദാവൻഗരെയിലെ മായകൊണ്ട മണ്ഡലത്തിൽ എംഎൽഎ പ്രൊഫ.ലിംഗണ്ണയ്ക്ക് പകരം ബസവരാജ് നായിക്കിനെ ബിജെപി മത്സരിപ്പിച്ചു. നായിക് മുൻ എംഎൽഎ ആയതിനാൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകിയത് പാർട്ടിക്കുള്ളിൽ അതൃപ്‌തിക്ക് കാരണമായിരുന്നു. ഇവിടെ വിമത സ്ഥാനാർഥിയായി ശിവപ്രകാശാണ് മത്സരിച്ചത്.
ഹൊസ്‌ദുർഗ: ചിത്രദുർഗ ജില്ലയിലെ ഹൊസ്‌ദുർഗ മണ്ഡലത്തിൽ ഗൂളിഹട്ടി ശേഖറിന് പകരം എസ് ലിംഗമൂർത്തിക്ക് ബിജെപി ടിക്കറ്റ് നൽകി. സർക്കാരിനെയും പാർട്ടി നേതാക്കളെയും പരസ്യമായി വിമർശിച്ചതിന് ഗൂളിഹട്ടി ശേഖറിന് പാർട്ടി ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുന്നതിലേക്ക് നയിച്ച നിയമസഭാംഗങ്ങളിൽ ഒരാൾ കൂടിയാണ് ഗൂളിഹട്ടി ശേഖർ. എന്നാൽ, ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി അംഗത്വം രാജിവച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുകയായിരുന്നു.
പുത്തൂർ: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ നിയോജക മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ സഞ്ജീവ് മത്തന്ദൂരിന് പകരം ആശ തിമ്മപ്പയ്ക്ക് ബിജെപി ടിക്കറ്റ് നൽകി. സഞ്ജീവ് മഠത്തൂർ വീണ്ടും മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി ടിക്കറ്റ് ലഭിച്ചിരുന്നില്ല. അതേസമയം, ഹിന്ദു അനുകൂല സംഘടനയുടെ നേതാവ് അരുൺ പുട്ടിലയ്ക്ക് ബിജെപി ടിക്കറ്റ് നൽകാനും സമ്മർദമുണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ അരുൺ പുട്ടില സ്വതന്ത്രനായി മത്സരിച്ച് ബിജെപിക്ക് വെല്ലുവിളി ഉയർത്തി.